'ധ്യാനേ.. നീ എന്നെ എത്ര വേണമെങ്കിലും അപമാനിച്ചോ സിനിമയുടെ കഥ മാത്രം പറയരുതെന്ന്' വിനീത്; ചർച്ചയായി വീഡിയോ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെ വിനീത് ധ്യാനിനോട് പറയുന്ന കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നീ എന്നെ എത്ര വേണമെങ്കിലും അപമാനിച്ചോ, സിനിമയുടെ കഥ മാത്രം പറയരുതെന്നാണ് വിനീത് പിറകിലിരുന്ന് പറയുന്നത്. “നീ പറയാതിരുന്നാൽ മതി, എനിക്കു കഥയൊന്നും അറിയൂല” എന്നാണ് കൂടെയിരുന്ന ബേസിൽ ജോസഫ് ഇതിനു മറുപടിയായി പറയുന്നത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.