ആ പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്നു തീരുമാനിച്ചപ്പോഴാണ് എന്റെ അച്ഛന്‍ മരിക്കുന്നത്, ബി.ജെ.പിയില്‍ നിന്നും ക്ഷണമുണ്ടായിരുന്നു: വാണി വിശ്വനാഥ്

ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് വന്നേക്കാം എന്ന സൂചന നല്‍കി നടി വാണി വിശ്വനാഥ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തയാറായപ്പോഴാണ് തന്റെ അച്ഛന്‍ മരിക്കുന്നത് അതോടെ ഒന്നിനുമുള്ള മാനസികാവസ്ഥ ഇല്ലാതാവകയായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഇനിയും സമയമുണ്ടല്ലോ എന്നാണ് വാണി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

എന്‍ടിആറിന് 63 വയസ്സുള്ളപ്പോള്‍ ‘സാമ്രാട്ട് അശോക’ എന്ന പടത്തില്‍ താന്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. അന്ന് 17 വയസ്സാണ് തനിക്ക് പ്രായം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നല്ലോ, അതു കൊണ്ട് തന്നെ ഇവിടുന്ന് ഫ്‌ളൈറ്റിലൊക്കെയാണ് കൊണ്ടു പോവുക. എല്ലാവരും ആഗ്രഹിക്കുന്ന ഒരു അവസരമായിരുന്നു തനിക്ക് ആ പടത്തിലൂടെ കിട്ടിയത്.

തെലുങ്കു ദേശം പാര്‍ട്ടിയുടെ ഫൗണ്ടര്‍ ആണല്ലോ അദ്ദേഹം. എന്‍ടിആറിന്റെ അവസാന ചിത്രത്തിലെ നായിക കൂടിയാണ് താന്‍. ആ ഒരു നിലയില്‍ പാര്‍ട്ടിയില്‍ നിന്നും ക്ഷണം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരുമകന്‍ കൂടിയായ ചന്ദ്രബാബു നായിഡുവിന്റെ ലീഡര്‍ഷിപ്പ് തനിക്ക് ഇഷ്ടമാണെന്ന് മുമ്പും പറഞ്ഞിരുന്നു.

എല്ലാം കൂടി ഒത്തു വന്നപ്പോള്‍, എന്നാല്‍ പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിച്ചു കളയാം എന്നു തീരുമാനിച്ചപ്പോഴാണ് തന്റെ അച്ഛന്‍ മരിക്കുന്നത്. അതോടെ തനിക്ക് ഒന്നിനുമുള്ള ഒരു മാനസികാവസ്ഥ ഇല്ലാതായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇതുവരെ ചേര്‍ന്നിട്ടില്ല. തെലുങ്കു ദേശം പാര്‍ട്ടി, ബിജെപി, പവന്‍ കല്യാണിന്റെ പാര്‍ട്ടി എല്ലായിടത്തു നിന്നും ക്ഷണമുണ്ടായിരുന്നു.

താന്‍ നടിയാവും, രാഷ്ട്രീയത്തിലേക്ക് വരും എന്നൊക്കെ കുഞ്ഞായിരുന്നപ്പോഴേ അച്ഛന്‍ പ്രവചിച്ച കാര്യങ്ങളാണ്. അതൊക്കെ ഏറെക്കുറെ അതു പോലെ തന്നെ വന്നിട്ടുണ്ട്. ചിലപ്പോള്‍ താന്‍ ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കൂട എന്നുമില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊക്കെ ഇനിയും സമയമുണ്ടല്ലോ. എത്രത്തോളം പാകതയും അനുഭവങ്ങളും വരുന്നുവോ അത്രയും നല്ലതാണ് രാഷ്ട്രീയത്തിന് എന്നാണ് വാണി വിശ്വനാഥ് പറയുന്നത്.