'നിനക്ക് ഇങ്ങനെ തന്നെ വേണം' എന്ന് പറഞ്ഞ് സിനിമയില്‍ നിന്നും പലരും വിളിച്ചു... എന്റെ അമ്മ കരയുകയായിരുന്നു: ഉണ്ണി മുകുന്ദന്‍

പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് ബാല ഉണ്ടാക്കിയ വിവാദങ്ങള്‍ തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്നത് പോലെയാണ് തോന്നിയതെന്ന് ഉണ്ണി മുകുന്ദന്‍. ബാലയ്ക്ക് പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവിട്ടാണ് നടന്‍ സംസാരിച്ചത്. ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയില്‍ അഭിനയിച്ചിട്ട് പ്രതിഫലം നല്‍കിയില്ല തുടങ്ങി ബാലയുടെ എല്ലാ ആരോപണങ്ങള്‍ക്കും താരം മറുപടി കൊടുത്തു.

എന്നാല്‍ ഇത് ബാലയ്ക്കുള്ള മറുപടിയല്ല, തന്നെ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടുയുള്ള വിശദീകരണമാണ് എന്നാണ് പ്രസ് മീറ്റിനിടെ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ബാല സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തപ്പോള്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റാണ് ആ ഭാഗങ്ങള്‍ ചെയ്തത്. സംവിധായകന്‍ തൃപ്തനായിരുന്നില്ല.

എന്നാല്‍ ഒരു നിര്‍മ്മാതാവെന്ന നിലയില്‍ താന്‍ കണ്ണടച്ചു. സൗഹൃദത്തെ വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ് താന്‍. ഇതുപോലൊന്ന് ജീവിതത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ഇനി ഭാവിയില്‍ സംഭവിക്കില്ലെന്നും വിശ്വസിക്കുന്നു. ഈ സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് ഉണ്ണി മുകുന്ദന്‍ പൈസ കൊടുത്തത് എന്നാണ് ബാല പറഞ്ഞത്.

എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല ടെക്നീഷ്യന്‍മാര്‍ക്കെല്ലാം പണം കൊടുത്തിട്ടുണ്ട്. ഇത് മാര്‍ക്കറ്റിംഗ് അല്ല. തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്നത് പോലെയാണ് തോന്നിയത്. അതുകൊണ്ട് മാത്രമാണ് ഈ വിഷയം തുറന്ന് പറയുന്നത്. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. തന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല.

ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം തന്റെ അമ്മ കരഞ്ഞിട്ടുണ്ട്. തന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ്. സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. ബാലയ്ക്ക് ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ.

ഡബ്ബിംഗ് സ്റ്റുഡിയോയില്‍ ഉള്ള വിഷയം താന്‍ അറിഞ്ഞു കൊണ്ടല്ല. തങ്ങളല്ല അവിടെ പ്രശ്‌നം ഉണ്ടാക്കുന്നത്. സ്റ്റുഡിയോ ആണ്. അവിടെ ആള്‍ക്കാര്‍ നില്‍ക്കുന്നതില്‍ ഒരു പരിധിയുണ്ട്. എല്ലാവരും കയറുമ്പോള്‍ അത് പ്രശ്‌നമാകില്ലേ. താന്‍ മാന്യമായാണ് ബാലയുടെ കുടുംബത്തെ ഡീല്‍ ചെയ്തത് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.