സൂപ്പര്‍ ഹീറോ വരികയായി, അയ്യപ്പ ഭക്തര്‍ക്ക് രോമാഞ്ചം പകരും; 'മാളികപ്പുറ'ത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍

അയ്യപ്പസ്വാമിയുടെ ഭക്തര്‍ക്ക് രോമാഞ്ചം നല്‍കുന്ന ചിത്രമാകും ‘മാളികപ്പുറം’ എന്ന് ഉണ്ണി മുകുന്ദന്‍. തനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീട് എപ്പോഴെങ്കിലും നിങ്ങള്‍ തന്നെ കണ്ടെത്തുമായിരിക്കും എന്നാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സൂപ്പര്‍ഹീറോ വരികയായി എന്നുപറഞ്ഞുകൊണ്ടാണ് ഉണ്ണി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്:

നമസ്‌കാരം, മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തുന്ന കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. ചിത്രം റിലീസിനോടടുക്കുമ്പോള്‍, എന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് മറച്ചു പിടിക്കുന്നില്ല. ചിത്രം നിങ്ങള്‍ക്കരികിലേക്കെത്താന്‍ ഇനി അധിക നേരമില്ല. ഒരു കാര്യം നേരിട്ട് പറയാം. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങള്‍ തന്നെ കണ്ടെത്തുമായിരിക്കും. അതൊരു വിഷയമല്ല.

ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതില്‍ ഞാന്‍ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകള്‍ കുറിക്കുമ്പോള്‍ ഞാന്‍ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു. ഈ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുക്കിയ നിര്‍മാതാക്കളായ ആന്റോ ചേട്ടനോടും വേണു ചേട്ടനോടും എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സ്വപ്നത്തിനു കൂട്ടായതിന് നന്ദി.

എന്നെപ്പോലെ തന്നെ പലര്‍ക്കും ഇതേ ആകാംക്ഷ ഉണ്ടെന്നറിയാം. അതിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പക്ഷെ നിങ്ങള്‍ എത്രത്തോളം പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു എന്നെനിക്കറിയില്ല. ഒരു കാര്യത്തില്‍ ഉറപ്പ് പറയാം. മനോഹരമായ ഒരു ചിത്രമാകുമിത്. സിനിമയുടെ ഭാഗമായ കുട്ടികളുടെ പ്രകടനം അഭിനന്ദനീയമാണ്.

അയ്യപ്പസ്വാമിയുടെ ഭക്തര്‍ ഓരോരുത്തര്‍ക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാന്‍ ഗ്യാരന്റി. ഞങ്ങള്‍ക്കൊപ്പവും, ഞങ്ങള്‍ക്കുള്ളിലും കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തിനുള്ള ആദരമാണ് ഈ ചിത്രം. എന്റെ പക്കലുണ്ടായിരുന്ന റിസോഴ്സുകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ചത് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. സൂപ്പര്‍ ഹീറോ വരികയായി. സ്വാമി ശരണം, അയ്യപ്പ ശരണം.

Read more