'എന്റെ തല എന്റെ ഫുൾ ഫിഗർ' റിയൽ ലൈഫിൽ മമ്മൂട്ടിയാണ്; വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്രീനിവാസൻ. ‘മഴയെത്തും മുൻപേ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ശ്രീനിവാസന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന ചിത്രത്തിലെ സരോജ് കുമാർ എന്ന ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ‘എന്റെ തല എന്റെ ഫുൾ ഫിഗർ’ എന്ന ഡയലോഗ് യഥാർത്ഥ ജീവിതത്തിൽ മമ്മൂട്ടി പറയുന്നതാണെന്നാണ് ശ്രീനിവാസൻ പറയുന്നത്.

മഴയെത്തും മുൻപേ ഇറങ്ങിയ അതേദിവസം തന്നെയാണ് മോഹൻലാലിന്റെ സ്ഫടികവും റിലീസ് ചെയ്തത്. രണ്ടു സിനിമകളും വിജയങ്ങളുമായിരുന്നു. ഒരു ദിവസം താനും മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും ഒന്നിച്ച് ഒരു മീറ്റിങ്ങിനായി യാത്ര ചെയ്യുകയായിരുന്നു. റോഡരികിൽ ഇരുസിനിമകളുടെയും പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ടായിരുന്നു.

‘കണ്ടോ സ്ഫടികത്തിന്റെ പോസ്റ്ററിൽ അവന്റെ മുഖം മാത്രം, നമ്മുടെ മഴയെത്തും മുൻപേയുടെ പോസ്റ്ററിൽ ശോഭനയും മറ്റുപലരും. നിർമ്മാതാവ് മാധവൻ നായരേ വിളിച്ച് പറ എന്റെ പടം മാത്രമായി പോസ്റ്ററിൽ വെക്കാൻ। ഞാൻ പറയാം, പക്ഷേ എന്റെ പടം വെച്ചിട്ട് പോസ്റ്ററിറക്കാനായിരിക്കും പറയുക. ഇത് കേട്ട മമ്മൂട്ടി ആ വിഷയം പ്രോത്സാഹിപ്പിച്ചില്ല.

നിർമ്മാതാവിനോട് ഇക്കാര്യം പറഞ്ഞു. മീറ്റിങ്ങിന് ശേഷം നിർമ്മാതാവിനെ കണ്ടപ്പോൾ മമ്മൂട്ടി എന്ത് പറഞ്ഞുവെന്ന് താൻ ചോദിച്ചു. ‘പറഞ്ഞ പോലെ മമ്മൂക്ക വന്നു. പക്ഷേ മമ്മൂക്കയോട് ഞാൻ ചോദിച്ചു, മോഹൻലാലിന്റെ കഴിഞ്ഞ രണ്ടു സിനിമകൾ വീക്കായിരുന്നു. പുള്ളിക്ക് അതിന്റെ ആവശ്യമുണ്ട്. മമ്മൂക്ക നിങ്ങൾക്ക് അതിന്റെ ആവശ്യമുണ്ടോ’ എന്നായിരുന്നു നിർമ്മാതാവിന്റെ മറുപടി. ഉദയനാണ് താരത്തിലെ എന്റെ മുഖം എന്റെ ഫുൾ ഫിഗർ, അത് മമ്മൂട്ടിയായിരുന്നു.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്.