എങ്കയോ പോയിട്ടേന്‍ മിസ്റ്റര്‍ ജൂഡ്.. മലയാള സിനിമ കാണാന്‍ തിയേറ്ററില്‍ ആളില്ലെന്ന പരാതിയൊക്കെ മാറിയില്ലേ: ടൊവിനോ

‘2018 എവരിവണ്‍ ഈസ് എ ഹീറോ’ സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ഗംഭീര പ്രതികരണങ്ങള്‍ കേരളം കണ്ട മഹാപ്രളയം ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഓരോ പ്രേക്ഷകന്റെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഗംഭീര വിഷ്വല്‍സും മേക്കിംഗുമാണ് ജൂഡ് ആന്തണി പ്രേക്ഷകര്‍ക്ക് നല്‍കിയത്. സിനിമയ്ക്ക് നൂറ് ശതമാനവും പൊസിറ്റീവ് റിവ്യൂ ലഭിക്കുന്ന സമയത്ത് താന്‍ നാട്ടില്‍ ഇല്ലാത്തതിന്റെ ദുഖം അറിയിക്കുകയാണ് നടന്‍ ടൊവിനോ തോമസ് ഇപ്പോള്‍. ജൂഡ് ആന്തണിയുടെ അധ്വാനത്തിന്റെ പ്രതിഫലമാണ് ഇപ്പോള്‍ ലഭിക്കുന്ന പൊസിറ്റീവ് റിവ്യൂ എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

ടൊവിനോ തോമസിന്റെ വാക്കുകള്‍:

നാട്ടില്‍ ഇല്ലാത്തതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ വിഷമിക്കുന്ന സമയമാണിത്. കാരണം 2018 എന്ന സിനിമ തിയേറ്ററിലെത്തിയിട്ട് നൂറ് ശതമാനവും പോസിറ്റീവ് റിവ്യുകളുമായി മുന്നോട്ട് പോകുകയാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ഈ നിമിഷം നാട്ടില്‍ ഉണ്ടാകാന്‍ സാധിക്കാത്തത്. എല്ലാവരും നല്ലത് പറയുമ്പോള്‍, അത് നേരിട്ട് കാണാനും അറിയാനും അനുഭവിക്കാനും അവിടെ ഉണ്ടാകാനായില്ല. സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമിരുന്ന് തിയറ്ററില്‍ സിനിമ കാണാന്‍ പറ്റിയില്ല എന്നത് എന്നും നഷ്ട ബോധത്തോടെ ഓര്‍ക്കുന്ന ഒന്നായിരിക്കും. ഞാന്‍ ഇപ്പോള്‍ ഫിന്‍ലാന്റില്‍ ആണ്.

രണ്ട് ദിവസത്തില്‍ ഞാന്‍ നാട്ടില്‍ എത്തും. നിറഞ്ഞ സദസില്‍ കുടുംബത്തോടൊപ്പം പോയി സിനിമ കാണും. എല്ലാവര്‍ക്കും ഒരുപാട് നന്ദി. ഇത് എന്റെ മാത്രം സിനിമയല്ല. ഇതില്‍ അഭിനയച്ചിരിക്കുന്നവരുടെയും അണിയറ പ്രവര്‍ത്തകരുടെയോ മാത്രം ചിത്രമല്ല 2018. ഓരോ മലയാളികളുടെയും ആണ്. ഓരോ മലയാളിക്കും അഭിമാനത്തോടെ കണ്ടിരിക്കാവുന്ന നോണ്‍ മലയാളിസിനോട് കാണിക്കാന്‍ പറ്റിയൊരു സിനിമ. അതിന്റെ ഭാഗമാകാന്‍ പറ്റി എന്നത് വലിയ സന്തോഷമുള്ള കാര്യം. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. സിനിമ കാണുന്നവരോടും നന്ദിയുണ്ട്.

ഇതൊരു വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട സിനിമയാണെന്ന് എനിക്ക് തോന്നി. അത് അങ്ങനെ തന്നെ സംഭവിച്ചു. ഒരുപാട് സന്തോഷം. എളുപ്പമുള്ളൊരു ഷൂട്ടിംഗ് ആയിരുന്നില്ല സിനിമയുടേത്. നല്ല കട്ടപ്പണിയുള്ള ഷൂട്ട് ആയിരുന്നു. അന്നുണ്ടായ ബുദ്ധിമുട്ടുകളൊക്കെ തൃണവത്കരിച്ച് കൊണ്ട് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്ന സമയത്ത് ഒരു കലാകാരന്‍ എന്ന നിലയ്ക്ക് ഇതിനെക്കാള്‍ വലിയ അംഗീകാരങ്ങളോ അല്ലെങ്കില്‍ മറ്റൊന്നുമോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ സിനിമകള്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോള്‍, പിന്നെ നമുക്ക് ഒന്നും വേണ്ട.

2018 മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. അതിന്റെതായ സമയത്ത് മറ്റ് ഭാഷക്കാര്‍ക്കും സിനിമ കാണാം. കേരളത്തില്‍ അന്ന് ഉണ്ടായതെല്ലാം, മലയാളികള്‍ അന്ന് നേരിട്ടതെല്ലാം ഒരുമിച്ച് നിന്നതുമെല്ലാം എല്ലാവരും കാണുകയും ആസ്വദിക്കുകയും പ്രചോദനമാകുകയും ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു. ജൂഡ് ചേട്ടാ, ഇത് നിങ്ങളുടെ ഇത്രയും വര്‍ഷത്തെ അധ്വാനത്തിന്റെ പ്രതിഫലം ആണ് ഇപ്പോള്‍ കിട്ടിക്കെണ്ടിരിക്കുന്നത്. എങ്കയോ പോയിട്ടേന്‍ മിസ്റ്റര്‍ ജൂഡ് ആന്റണി. മലയാള സിനിമ കാണാന്‍ തിയേറ്ററില്‍ ആളില്ലെന്ന പരാതിയൊക്കെ മാറിയില്ലേ ഇപ്പോള്‍. ഓരോ കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ വരുമ്പോള്‍, തീര്‍ച്ചയായും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ തെളിവാണ് ഇത്. ഒരുപാട് സന്തോഷം.

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)