കുമളിയിലെ കയറ്റിറക്കങ്ങള്‍ ഏറെയുള്ള വഴിയിലൂടെ ഹോട്ടലിലേക്ക് അഞ്ചു കിലോമീറ്റര്‍ ഓട്ടം, ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ മെലിഞ്ഞു: ടൊവിനോ തോമസ്

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ശരീരം ഏതു വിധത്തില്‍ വേണമെങ്കിലും രൂപപ്പെടുത്താന്‍ തയാറാകുന്ന നായകന്‍മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മിന്നല്‍ മുരളി ചിത്രത്തിനായി ശരീരം രൂപപ്പെടുത്തി എടുത്തതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍.

മിന്നല്‍ മുരളി ചിത്രത്തില്‍ സൂപ്പര്‍ ഹീറോയായി പരിവര്‍ത്തനപ്പെടുമ്പോള്‍ മെലിഞ്ഞിരിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. മിന്നല്‍ മുരളിയുടെ ആദ്യ ഷെഡ്യൂളിന് ശേഷം ലഭിച്ച 60 ദിവസത്തെ ഇടവേളയിലാണ് ആഷിഖ് അബു ഒരുക്കുന്ന ‘നാരദന്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് കുമളിയില്‍ നടന്നത്.

സൂപ്പര്‍ ഹീറോ കോസ്റ്റ്യൂമിന്റെ ട്രയല്‍ നോക്കിയതോടെ മെലിയണം എന്ന ആഗ്രഹം ശക്തമായി. എന്നാല്‍, നാരദന്റെ തിരക്കിട്ടുള്ള ഷൂട്ടിനിടെ പതിവു വര്‍ക്കൗട്ടിന് പോലും സമയം കിട്ടിയില്ല. എന്തു ചെയ്യും? എന്ന് ആലോചിച്ചപ്പോള്‍ ഒരു വഴി തെളിഞ്ഞു.

കുമളിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് താമസിക്കുന്ന ഹോട്ടല്‍ വരെയുള്ള, കയറ്റിറക്കങ്ങള്‍ ഏറെയുള്ളൊരു വഴി, മൊത്തം 5 കിലോമീറ്റര്‍ ദൂരം. പിന്നെ ഓരോ ദിവസത്തെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാലുടന്‍ 5 കിലോമീറ്റര്‍ ഓടി ഹോട്ടലിലെത്തും. വഴിയിലെ കുത്തു കയറ്റങ്ങളെല്ലാം നടന്നു കയറും, നിരപ്പെത്തിയാല്‍ ഓടും.

ഷൂട്ടിംഗ് തീരും വരെ ഈ പതിവു തുടര്‍ന്നു. ഏതായാലും ശ്രമം വിജയിച്ചു. നാരദന്റെ ഷൂട്ടിങ് അവസാനിക്കുമ്പോഴേക്കും മെലിഞ്ഞു. മിന്നല്‍ മുരളിയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ യോജ്യമായ വിധത്തിലായി ശരീരം എന്നാണ് ടൊവിനോ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.