ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേട്: പാര്‍വതിക്കു പിന്തുണയുമായി മന്ത്രി തോമസ് ഐസക്ക്

കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചതിന് സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വതിക്ക് പിന്തുണയുമായി മന്ത്രി തോമസ് ഐസക്ക്. സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതിയെ അധിക്ഷേപിക്കുന്നതിനെതിരേ പ്രതിഷേധമറിയിച്ച മന്ത്രി സ്ത്രീകളോടുള്ള അക്രമവാസന അങ്ങേയറ്റം അപലപനീയമാണെന്നും വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പിന്തുണയറിയിച്ചത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തമെന്നും പോസ്റ്റിലൂടെ മന്ത്രി പറയുന്നു. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.

സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല.

സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്. വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട് .

സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.

https://www.facebook.com/thomasisaaq/posts/1975520972464034