'അവർ സന്നാഹങ്ങളൊക്കെ ഒരുക്കികൊണ്ടിരിക്കുകയാണ്'; 'ബിലാൽ' അപ്ഡേറ്റിൽ പ്രതികരണവുമായി മമ്മൂട്ടി

‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ വരുന്നുണ്ടെന്ന് പറഞ്ഞിട്ട്   ആറ് വർഷങ്ങളായി. പ്രേക്ഷകർ ഇപ്പോഴും കാത്തിരിപ്പിലാണ്.  അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഇതുവരെ പുറത്തിറങ്ങിയിയത് രണ്ടേ രണ്ട് ചിത്രങ്ങൾ. ബിഗ് ബിയും, ഭീഷ്മപർവ്വവും. രണ്ട് ചിത്രങ്ങളും മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്നതിൽ പൂർണമായും വിജയിച്ചിരുന്നു.

2007 ൽ പുറത്തിറങ്ങിയ  ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് മുതൽ മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി.

“അപ്ഡേറ്റ് വരുമ്പോൾ വരും, ഞാൻ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാൽ പോരല്ലോ. വരുമ്പോൾ വരും എന്നല്ലാതെ  ഇത് നമുക്ക് അങ്ങനെ വരുത്താൻ ഒക്കില്ലല്ലോ, അതിന്റെ പിറകിൽ ആൾക്കാർ വേണ്ടേ? അവർ സന്നാഹങ്ങളൊക്കെ ഒരുക്കികൊണ്ടിരിക്കുകയാണ്. കമിങ് സൂൺ ആണോ എന്ന് ഞാൻ പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ പിടിച്ചു വലിച്ചാൽ വരില്ല ഇത്. അമൽ നീരദ് തന്നെ വിചാരിക്കണം.” മമ്മൂട്ടി പറഞ്ഞു.

പുതിയ സിനിമയായ കണ്ണൂർ സ്ക്വാഡിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയിരുന്നു മമ്മൂട്ടി.  ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’മാണ് മമ്മൂട്ടിയുടെ അടുത്ത സിനിമ. ഹൊറർ ജോണറിലൊരുങ്ങുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമാലോകം.