'ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ല എന്ന നിലപാടിൽ മാറ്റമില്ല, അത് അങ്ങനെ തന്നെയാണ്'; ബിഗ്‌ബോസ് താരം ലക്ഷ്മി

ഈ ആഴ്ചത്തെ ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തായ താരമാണ് ലക്ഷ്മി. പുറത്തെത്തിയ ലക്ഷ്മിക്ക് എയർപോർട്ടിൽ വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. പൂമാല ഇട്ടായിരുന്നു ലക്ഷ്മിയെ സ്വീകരിച്ചത്. മുൻപ് ഷോയിൽ സഹമത്സരാർത്ഥികളായ ലെസ്ബിയൻ കപ്പിൾസ് നൂറയെയും ആദിലയെയും തന്റെ വീട്ടിൽ കയറ്റില്ല എന്ന് ലക്ഷ്മി പറഞ്ഞത് വീട്ടിൽ മാത്രമല്ല ജനങ്ങൾക്കിടയിലും ചർച്ചയായിരുന്നു.

ഒരു ടാസ്കിന് പിന്നാലെ ആയിരുന്നു ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണെന്ന് ലക്ഷ്മി പറ‍ഞ്ഞത്. പിന്നാലെ വലിയ ചർച്ചകൾ നടന്നു. ഫാമിലി വീക്കിൽ ഇരുവരേയും സിറ്റൗട്ടിൽ ഇരുത്താമെന്ന് ലക്ഷ്മിയുടെ അമ്മ പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് അമ്മ പറഞ്ഞല്ലോ വീട്ടിൽ വരാമെന്ന തരത്തിൽ ആദിലയേയും നൂറയേയും ലക്ഷ്മി ക്ഷണിച്ചതും ഹൗസിനുള്ളിൽ കാണാൻ സാധിച്ചു.

എന്നാൽ എവിക്ട് ആയതിന് പിന്നാലെ വീണ്ടും ഇരുവരേയും വീട്ടിൽ കയറ്റില്ലെന്ന് ഉറപ്പിച്ച് തന്നെ ലക്ഷ്മി പറയുകയാണ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും ലക്ഷ്മി ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ‘ഞാൻ ഹാപ്പിയാണ്. നന്ദി. ഇത് അൺഫെയർ എവിക്ഷനൊന്നും അല്ല. ഇതൊരു ​ഗെയിം ആണ്. എവിക്ഷൻ ഏത് ആഴ്ചയിൽ വേണമെങ്കിലും ആവാം. നിലവിൽ നെവിൻ ആണ് എനിക്ക് ഇഷ്ടപെട്ട മത്സരാർത്ഥി. ​ഗെയിമറാണ് അവൻ. ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അത് മാറ്റിപ്പറയണമെന്നും തോന്നിയില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുണ്ട്’- എന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

Read more