https://youtu.be/JXi97tpLCAo?si=-ihuDcSeEuyfEjxyഅച്‌ഛന്റെ വിയോഗത്തിൽ മനം നൊന്ത് പൊട്ടിക്കരയുന്ന വിനീത് ശ്രീനിവാസന്റെയും ധ്യാൻ ശ്രീനിവാസൻ്റെയും ചിത്രം പങ്കുവച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ചർച്ചയാവുകയാണ്. ഒരു അച്ഛൻ മക്കൾക്ക് നൽകുന്ന സ്വാതന്ത്യ്രത്തിൻ്റെ രാഷ്ട്രീയമാണ് ഈ പൊട്ടിക്കരച്ചിലിനു പിന്നിലെന്നും ജീവിക്കുന്ന കാലത്ത് മക്കളെ തന്റെ ഇഷ്ടങ്ങളുടെ അടിമകളാക്കാതെ തന്നോട് തർക്കിക്കാനും വിയോജിക്കാനും പൂർണ സ്വാതന്ത്ര്യം നൽകുന്ന രാഷ്ട്രീയമായിരുന്നു ശ്രീനിവാസനുണ്ടായിരുന്നതെന്നും ഹരീഷ് പേരാടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഈ മക്കളുടെ പൊട്ടികരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്.. .ഒരു അച്ഛൻ മക്കൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തിൻ്റെ രാഷ്‌ട്രീയം …ജീവിക്കുന്ന കാലത്ത് മക്കളെ തൻ്റെ ഇഷ്‌ടങ്ങളുടെ അടിമകളാക്കാതെ…തന്നോട് തർക്കിക്കാനും വിയോജിക്കാനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന രാഷ്‌ട്രിയം…അങ്ങിനെയുള്ളവർ മരിക്കുമ്പോൾ സ്വാതന്ത്ര്യം രുചിച്ച മക്കൾ ഇങ്ങിനെ പൊട്ടിക്കരയും…ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത,എനിക്ക് രാഷ്‌ട്രിയം പറഞ്ഞ് തർക്കിക്കാൻ അവസരം തന്ന,എന്നെക്കാൾ 46 വയസ്സ് വിത്യാസമുള്ള എൻ്റെ അച്ഛൻ എൻ്റെ ഇരുപതാമത്തെ വയസ്സിൽ മരിക്കുമ്പോൾ ഞാൻ പൊട്ടി പൊട്ടി കരഞ്ഞിരുന്നു…ഇഷ്‌ടപ്പെട്ട നാടകം കളിച്ച് ജീവിക്കാൻ കാവൽ നിന്ന…ഒരു വരുമാനവുമില്ലാത്ത കാലത്ത് അന്യജാതിയിൽപ്പെട്ട ഇഷ്‌ടപ്പെട്ട പെൺകുട്ടിയുടെ കൈയും പിടിച്ച് വീട്ടിലേക്ക് കയറി വരുമ്പോൾ അവളെ വിളക്കും താലവും എടുത്ത് കെട്ടിപിടിച്ച് സ്വീകരിച്ച എൻ്റെ അമ്മ മരിച്ചപ്പോൾ ഞാൻ കുളൂർ മാഷേയും മധുമാഷേയും സുധാകരേട്ടനേയും കെട്ടിപിടിച്ച് ആർത്താർത്ത് കരഞ്ഞിരുന്നു…ആ സ്വാതന്ത്ര്യത്തിൻ്റെ കണ്ണീരാണ് നമ്മുടെ ജീവിതത്തിൻ്റെ വേരുകൾക്ക് ആത്മ ബലം നൽകുന്നത് …ഉറക്കെ കരയുക…സ്വതന്ത്രരാവുക…







