കേരളത്തില്‍ നിന്നും പലരും പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്, പിആര്‍ വര്‍ക്കും നിങ്ങള്‍ തന്നെ ചെയ്യുന്നുണ്ട്; പ്രതികരിച്ച് 'കേരള സ്റ്റോറി' നായിക

‘ദ കേരള സ്റ്റോറി’ തീവ്രവാദത്തിന് എതിരെയുള്ള സിനിമയാണെന്ന് ചിത്രത്തിലെ നായിക അദാ ശര്‍മ്മ. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് താരം സംസാരിച്ചത്. കേരളത്തില്‍ നിന്നും എല്ലാവിധ പിന്തുണയും പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ തന്നെ പിആര്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ട് എന്നാണ് അദ പറയുന്നത്.

കേരളത്തില്‍ നിന്നും 32,000 പേരെ സ്ത്രീകളെ മതം മാറ്റിയെന്ന് പറയുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും വിവാദമായിരുന്നു. ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന പരാതിയും നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് അദ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും മയക്കുമരുന്ന് നല്‍കുകയും ബലമായി ഗര്‍ഭം ധരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകള്‍ക്ക് എതിരാണ് ഈ സിനിമ.

എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാല്‍ നിങ്ങളുടെ മനസ്സ് മാറിയേക്കാം. എല്ലാ മെസേജുകള്‍ക്കും നന്ദി. ഇത്രയും വലിയ പിന്തുണ ഇതുവരെ കിട്ടിയിട്ടില്ല. സിനിമയ്ക്ക് വേണ്ടി പിആര്‍ വര്‍ക്കുകളും പ്രചരണ പരിപാടികളും നടത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പിആര്‍ ചെയ്യുന്നുണ്ട്.

ഒരുപാട് നന്ദിയുണ്ട്. ഇത് റിയലസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെട്ടു കാണുന്നതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ നിന്നും ഏറെ സന്ദേശങ്ങള്‍ ലഭിച്ചു. ഇത്തരം ഒരു ചിത്രം എടുത്തതില്‍ സന്തോഷം എന്നാണ് പലരും പറയുന്നത്. കേരളത്തില്‍ നിന്നും എല്ലാവിധ പിന്തുണയും പലരും വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സിനിമ ഒരു മതത്തിനും എതിരെയല്ല. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കുകയാണ്. ഇത് തീവ്രവാദത്തിനെതിരായ സിനിമയാണിത് എന്നാണ് അദ പറയുന്നത്.

Read more