തന്റെ സ്വകാര്യ-വൈവാഹിക ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മംമ്‌ത മോഹൻദാസ്. കാൻസർ രോഗനിർണയത്തിന് ശേഷമായിരുന്നു താൻ ആദ്യമായി ഒരാളുമായി പ്രണയത്തിലാവുന്നതെന്നും ചികിത്സ ആരംഭിച്ച് ഒരു വർഷത്തിന് ശേഷമായിരുന്നു വിവാഹമെന്നും നടി പറയുന്നു. ജോസ് ആലുക്കാസിൻ്റെ ‘സെക്കൻഡ് സൺറൈസ്’ പോഡ്‌കാസ്റ്റിൽ സുഹാസിനിയുമായി സംസാരിക്കുകയായിരുന്നു മംമ്‌ത.
സിനിമാ മേഖലയിൽ നിന്ന് ഒരാളെ മാത്രമേ ഡേറ്റ് ചെയ്തിട്ടുള്ളൂ. എന്നാൽ അയാൾ വിവാഹനിശ്ചയം കഴിഞ്ഞത് മറച്ചു വെച്ചായിരുന്നു ഡേറ്റിന് ക്ഷണിച്ചതെന്നും നടി വെളിപ്പെടുത്തി.
‘റിലേഷൻഷിപ്പുകളിലോ ഡേറ്റിങ്ങിലോ എനിക്ക് പരിചയമില്ലായിരുന്നു. ഒരു ബന്ധത്തിലാവുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. വിവാഹത്തിന് മുമ്പ് വളരെ ചുരുങ്ങിയ സമയം ഞാൻ രണ്ട് പുരുഷന്മാരെ പരിചയപ്പെട്ടിരുന്നു, കാൻസർ ചികിത്സയ്ക്കുശേഷം ഉടനെ. സിനിമയിൽ നിന്ന് ഒരാളെ മാത്രമേ ഞാൻ ഡേറ്റ് ചെയ്തിട്ടുള്ളൂ. എന്നെ ഡേറ്റിന് ക്ഷണിക്കുമ്പോൾ അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞതേ ഉള്ളൂ. ഒരു മാസത്തിനുശേഷം അയാളുടെ സഹോദരനിൽ നിന്നാണ് ഞാൻ അറിയുന്നത്. എന്തിനാണ് എന്നെ ഡേറ്റിന് ക്ഷണിച്ചതെന്ന് ഞാൻ ചോദിച്ചു. അതിൽ കളവുണ്ടായിരുന്നു. എൻ്റെ അമ്മയോട് അനുവാദം വാങ്ങിയതാണ് ഞാൻ ഡേറ്റിന് പോയത്’ എന്നാണ് മമത പറഞ്ഞത്.








