മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. കഴിഞ്ഞ ദിവസം അഭയയുടെ സറ്റേജിൽ പാട്ടുപാടി ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. വിഡിയോയ്ക്ക് തനിക്ക് ലഭിച്ച മോശം കമന്റുകളെക്കുറിച്ച് അഭയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു പൊതുപരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രതികരണം.
‘രണ്ട് മൂന്ന് ദിവസം മുമ്പ് ഞാൻ ചെയ്‌തൊരു ഷോയിൽ ഞാൻ പച്ച വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. സ്റ്റേജിൽ ഞാൻ ഡാൻസ് ചെയ്തിരുന്നു. അതിന്റെ വിഡിയോയുടെ താഴെ വരുന്നത് വളരെ മോശം കമന്റുകളാണ്. ഭയങ്കര വിചിത്രമായ കമന്റുകളാണ് അതെല്ലാം. ഞാനൊരു കലാകാരിയാണ്. സ്‌റ്റേജിൽ കയറുമ്പോൾ എന്റെ തലച്ചോറിനെ ഞാൻ സ്വിച്ച് ഓഫ് ചെയ്യും’
‘ഇപ്പോൾ എന്റെ വർക്കിനെക്കുറിച്ചു സംസാരിക്കുമ്പോഴും തലച്ചോറിന്റെ ഒരു ഭാഗത്ത് എന്റെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷെ സ്റ്റേജിൽ കയറുമ്പോൾ എന്റെ ബ്രെയ്‌നിനെ ഞാൻ സ്വിച്ച് ഓഫ് ചെയ്യും. എന്റെ മുന്നിലുള്ള ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുകയാണ് ലക്ഷ്യം. എനിക്കും ആസ്വദിക്കാൻ സാധിച്ചാലെ അവരേയും രസിപ്പിക്കുകയുള്ളൂ. അങ്ങനെ ഞാൻ ആസ്വദിച്ച് ഡാൻസ് ചെയ്യുന്നതിനെയാണ് വളരെ മോശം കമന്റുകൾ പറയുന്നത്’ എന്നും അഭയ പറയുന്നു.
അഭയയെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് എത്തുന്നത്. എന്ത് ധരിക്കണം എന്നുള്ളത് അഭയയുടെ സ്വാതന്ത്ര്യമാണെന്നും അഭയയ്ക്ക് നേരിടേണ്ടി വന്നത് ബോഡി ഷെയ്മിങ് ആണെന്നും പിന്തുണയ്ക്കുന്നവർ പറയുന്നു. അതേസമയം താരത്തിന്റെ വസ്ത്രത്തെ അധിക്ഷേപിച്ചും ഒരു വിഭാഗമെത്തി.








