നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

കന്നഡ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടനാണ് യഷ്. സിനിമാ മേഖലയിലെ ശക്തമായ വേഷങ്ങളിലൂടെയാണ് താരം ഇന്ന് ഇന്ത്യയിലുടനീളം അറിയപ്പെടുന്നത്. എന്നാൽ ടെലിവിഷന്‍ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് നടൻ തന്റെ കരിയർ ആരംഭിച്ചതെന്നും പിന്നീട് ഒരു പാൻ-ഇന്ത്യൻ താരമായി മാറി, ഇന്നത്തെ ഏറ്റവും വലിയ നടന്മാരിൽ ഒരാളായി മാറുകയായിരുന്നുവെന്നും പലർക്കും അറിയില്ല. സൂപ്പർസ്റ്റാർ പദവി ആസ്വദിക്കാനുള്ള അദ്ദേഹത്തിന്റെ പാത എളുപ്പമായിരുന്നില്ല.

1986 ജനുവരി 8നാണ് ‘നവീൻ കുമാർ ഗൗഡ’ എന്ന യഷിന്റെ ജനനം. അച്ഛൻ അരുൺ കുമാർ കർണാടക റോഡ്‌വേസിലും ബാംഗ്ലൂർ മെട്രോ -റോഡ്‌വേസിലും ബസ് ഡ്രൈവറായി ജോലി ചെയ്തുപോന്ന ഒരു ലളിതമായ കുടുംബത്തിലാണ് യാഷ് വളർന്നു വന്നത്. വളരെ ചെറുപ്പം മുതലേ യഷിന് അഭിനയത്തോട് ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. നാടക ഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയ നടൻ പതുക്കെ ടെലിവിഷനിലേക്ക് ചുവടു മാറി. ‘മലെ ബില്ലു’, ‘പ്രീതി ഇല്ലാട മേലെ’ തുടങ്ങിയ ഷോകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഈ ഷോകളിലൂടെ താരത്തിന് അഭിനയവുമായി ബന്ധപ്പെട്ട് അനുഭവം നേടാനും കുറച്ച് പണം സമ്പാദിക്കാനും സാധിച്ചു.

തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രശസ്‌തിക്കും മുമ്പ്, പോക്കറ്റിൽ വെറും 300 രൂപയുമായിട്ടാണ് യാഷ് ബെംഗളൂരുവിലെത്തിയതെന്ന് അദ്ദേഹം ദി ന്യൂസ് മിനിറ്റിനോട് വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിൽ, ബെംഗളൂരുവിൽ ആദ്യമായി വന്നപ്പോഴുള്ള പ്രയാസകരമായ സമയത്തെക്കുറിച്ചും യാഷ് പങ്കുവെച്ചു. അഭിനയമെന്ന തന്റെ സ്വപ്നത്തെ പിന്തുടരാൻ വേണ്ടിയാണ് താൻ വീട്ടിൽ നിന്ന് ഓടിപ്പോയതെന്ന് നടൻ പറയുകയുണ്ടായി.

പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ‘കെജിഎഫ്: ചാപ്റ്റർ 1’, ‘കെജിഎഫ്: ചാപ്റ്റർ 2’ എന്നീ ചിത്രങ്ങൾക്ക് ശേഷം യാഷിൻ്റെ ജീവിതം മാറിമറിഞ്ഞു. ആദ്യ ചിത്രം ലോകമെമ്പാടുമായി ഏകദേശം 238 കോടി രൂപ നേടിയപ്പോൾ, രണ്ടാമത്തെ ചിത്രം ആഗോളതലത്തിൽ 1200 കോടി രൂപ കടന്നു.

ഇപ്പോൾ യാഷിന്റേതായി രണ്ട് വലിയ സിനിമകളാണ് വരാനിരിക്കുന്നത്. ഒന്ന് ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത ‘ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’. മറ്റൊന്ന് നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ’. രൺബീർ കപൂർ, സായ് പല്ലവി എന്നിവർക്കൊപ്പമാണ് യാഷ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപികുനത്. ചിത്രത്തിൽ രാവണൻ ആയാണ് നടൻ എത്തുന്നതെന്നാണ് റിപോർട്ടുകൾ. കൂടാതെ, ‘കെജിഎഫ് 3’ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മാർച്ച് 19ന് ബിഗ് സ്‌ക്രീനുകളിൽ എത്താനിരുന്ന ടോക്സിക് ഇറാൻ-ഇസ്രയേൽ സംഘർഷത്തെയും തുടർന്ന് മിഡിൽ ഈസ്റ്റിൽ തുടരുന്ന അനിശ്ചിതത്വത്തെയും പരിഗണിച്ച് ടോക്‌സികിന്റെ റിലീസ് ജൂൺ 4ലേക്ക് നിർമാതാക്കൾ മാറ്റുകയായിരുന്നു. കെജിഎഫ് ഫ്രാഞ്ചൈസിയുടെ വൻ വിജയത്തിന് ശേഷം പീരിയഡ് ഗ്യാങ്സ്റ്റർ ഡ്രാമയായ ടോക്സികിലൂടെ യാഷ് സ്‌ക്രീനുകളിലേക്ക് തിരിച്ചെത്തുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.

ഗീതു മോഹൻദാസ് ഒരുക്കി യഷ് നായകനായി എത്തുന്ന ‘ടോക്സിക്’ പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അതിനാൽ കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നു എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. പക്കാ ഹോളിവുഡ് സിനിമയെന്ന് തോന്നിപ്പിക്കുന്ന തരം വിഷ്വലുകൾ ആണ് സിനിമയിൽ ഉള്ളതെന്ന സൂചനയാണ് ടീസർ നൽകിയത്. സിനിമയിലെ അഞ്ച് നായികമാരുടെയെല്ലാം പോസ്റ്ററുകൾ നേരത്തെതന്നെ പുറത്തുവന്നിരുന്നു.

നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ തുടങ്ങിയ താരനിരയാണ് ടോക്സിക്കിൽ അഭിനയിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.