'ദൈവത്തിന് നന്ദി, ഈ സിനിമകളുടെ ഒന്നും ക്രെഡിറ്റ് എടുക്കാൻ ആരും വരാത്തത് ഭാഗ്യം'; റിമയ്ക്ക് മറുപടിയുമായി വിജയ് ബാബു

ഇക്കഴിഞ്ഞ ദിവസമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ പോലുള്ള ചിത്രങ്ങളുണ്ടാവുന്നതിന് ഇടമൊരുക്കിയത് തങ്ങളാണെന്ന വാദവുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തുന്നത്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ റിമയുടെ അഭിപ്രായപ്രകടനം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ റിമയുടെ വാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ വിജയ് ബാബു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം മറുപടിയുമായി എത്തിയത്.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ അടുത്തിടെവരെ മലയാളത്തിൽ ഇറങ്ങിയ ചില സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ ലിസ്റ്റ് നിരത്തിയാണ് വിജയ് ബാബുവിന്റെ മറുപടി. ഈ ചിത്രങ്ങളുടെ ഒന്നും ക്രെഡിറ്റ് അടിച്ചെടുക്കാൻ ആരും വരാത്തത്തിൽ ദൈവത്തിന് നന്ദിയെന്ന് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. പരിഹാസത്തോടെയുള്ള പോസ്റ്റാണ് വിജയ് ബാബു പങ്കുവെച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ തന്നെ നായികയായ 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രം കൂടി എടുത്ത് പറഞ്ഞാണ് വിജയ് ബാബുവിന്റെ മറുപടി.

വിജയ് ബാബു പറയുന്നതിങ്ങനെ

‘വൈശാലി, ഉണ്ണിയാര്‍ച്ച, കടത്തനാട്ട് മാക്കം, കള്ളിച്ചെല്ലമ്മ, അവളുടെ രാവുകള്‍, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, ആകാശദൂത്, ഇന്‍ഡിപെന്‍ഡന്‍സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, കളിമണ്ണ്, ഹൗ ഓള്‍ഡ് ആര്‍ യു, പിന്നെ സ്വന്തം 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ ക്രെഡിറ്റൊന്നും ആരും കൊണ്ടുപോകാത്തതില്‍ ദൈവത്തിന് നന്ദി. മലയാളം എക്കാലത്തും മികച്ച സ്ത്രീകേന്ദ്രിത സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്. കാലം മാറുകയും ഒടിടിയുടെ വരവോടെ പുതിയ പ്രേക്ഷകരെ കിട്ടി വലിയ ഉയരങ്ങളിലെത്തുകയും ചെയ്തതോടെ നമ്മള്‍ ആഗോള നിലവാരത്തിലുള്ള ഉള്ളടക്കം നിര്‍മിക്കാന്‍ തുടങ്ങി. അത് ലളിതവും വ്യക്തവുമാണ്. ആ സ്‌പേസ് കണ്ടെത്തി ചിത്രം പ്രാവര്‍ത്തികമാക്കിയതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ലോകയുടേയും വേഫെററിന്റേയും ടീമിന്‌ മാത്രമാണ്’, എന്നായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.

അതേസമയം ‘ലോക’ പോലുള്ള ചിത്രങ്ങളുണ്ടാവാന്‍ സ്‌പേസ് ഉണ്ടാക്കിയത് തങ്ങളാണെന്നായിരുന്നു റിമയുടെ വാദം. തങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങള്‍ അത്തരമൊരു ഇടമൊരുക്കുന്നതിലേക്ക് നയിച്ചുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ‘ലോകയുടെ ക്രെഡിറ്റ് ടീമിന് അവകാശപ്പെട്ടതാണ്. എന്നാല്‍, ഞങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങള്‍ ചിത്രത്തിന് ഇടം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. ഞങ്ങള്‍ സംസാരിച്ചതുകൊണ്ടല്ല. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ തിരിച്ചുസംസാരിക്കുന്നു. ഞങ്ങള്‍ ആ സ്‌പേസ് ഉണ്ടാക്കി. ഞങ്ങള്‍ ഉണ്ടാക്കി എന്നുപോലും പറയാന്‍ എനിക്ക് താത്പര്യമില്ല. അതുപോലൊന്നിന് ഒരുവേദി ഞങ്ങളുണ്ടാക്കി’, എന്നായിരുന്നു റിമയുടെ വാക്കുകള്‍.

Read more