'കയ്പുള്ള ചുരയ്ക്ക ജ്യൂസ് കഴിച്ച് ഐ.സി.യുവിലായി': ആരാധകര്‍ക്ക് മുന്നറിയിപ്പുമായി താഹിറ കശ്യപ്

ചുരയ്ക്ക ജ്യൂസ് കഴിച്ചതിന് തനിക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന്് സംവിധായികയും എഴുത്തുകാരിയുമായ താഹിറ കശ്യപ്. ചുരയ്ക്ക ജ്യൂസില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനിടയുണ്ടെന്ന് ആളുകളെ ബോധവത്കരിക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്ന് താഹിറ വീഡിയോയില്‍ വ്യക്തമാക്കി. ചുരയ്ക്കയും മഞ്ഞളും നെല്ലിക്കയും ചേര്‍ത്തുള്ള ജ്യൂസ് താന്‍ പതിവായി കഴിക്കാറുണ്ടെന്ന് താഹിറ പറയുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കഴിച്ചപ്പോള്‍ ജ്യൂസിന് അല്‍പം ചവര്‍പ്പ് അനുഭവപ്പെട്ടു. എങ്കിലും അതു കാര്യമാക്കാതെ ജ്യൂസ് കുടിച്ചുതീര്‍ത്തു. വൈകാതെ തന്നെ ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നുവെന്ന് താഹിറ പറഞ്ഞു. ചുരയ്ക്ക കഴിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെട്ടാല്‍ തുടര്‍ന്ന് കഴിക്കരുതെന്നാണ് താഹിറയുടെ മുന്നറിയിപ്പ്.

പഴങ്ങളും പച്ചക്കറികളുമെല്ലാം ആരോഗ്യത്തിന് അനിവാര്യമാണ്. എന്നാല്‍ പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും അവയുടെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ഫലം വിപരീതമാകുമെന്നാണ് താഹിറയുടെ അനുഭവത്തില്‍ നിന്നും വ്യക്തമാകുന്നത്. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ.