സൗഹൃദം തേങ്ങയാണ്. മനുഷ്യത്വമാണ് കാര്യം, മീടു ആരോപണത്തില്‍ ഒത്തുതീര്‍പ്പിനു വിളിച്ച അലന്‍സിയറിനോട് പറഞ്ഞതിനെക്കുറിച്ച് ശ്യാം പുഷ്‌കരന്‍

മലയാളസിനിമാമേഖലയെ ഒന്നാകെ ഞെട്ടിച്ച മീ ടു ആരോപണമായിരുന്നു നടന്‍ അലന്‍സിയര്‍ ലെ ലോപ്പസിനെതിരെ ഉയര്‍ന്നത്. ആഭാസം എന്ന ചിത്രത്തിന്റെ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് ആണ് ആരോപണമുയര്‍ത്തിയത്. ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് സന്ധിസംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്‌കരന്‍ . ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ശ്യാം ഇതു സംബന്ധിച്ച് സംസാരിച്ചത്.

ഡബ്ല്യുസിസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്യാമിനെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് അലന്‍സിയര്‍ വിളിച്ചത്. ആക്രമണത്തിന് ഇരയായ അഭിനേത്രിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരം പരാതിയിലുണ്ടാകുന്നത് വരെ ഒരുതരത്തിലുള്ള സന്ധി സംഭാഷണത്തിനുമില്ലെന്ന് അലന്‍സിയര്‍ക്ക് വ്യക്തമായി മറുപടി നല്‍കിയെന്ന് ശ്യാം പറയുന്നു.

“#MeToo, വളരെ സീരിയസ്സായി കാണേണ്ട ഒട്ടും തമാശയല്ലാത്ത ഒരു മൂവ്‌മെന്റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തിന്റെ കൂടെ രണ്ട് മൂന്ന് സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മീടൂ ആരോപണം വന്നപ്പോള്‍ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദസംഭാഷണത്തിനുമില്ല. സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല. ഇനിയും ഡബ്ല്യുസിസിക്കൊപ്പം ഉണ്ടാകും.” ശ്യാം കൂട്ടിച്ചേര്‍ത്തു.