'അക്രമം കാണുമ്പോള്‍ ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നുവെന്ന് സ്വര ഭാസ്‌കര്‍, മതം മാറിക്കൂടെയെന്ന് ചോദിച്ച് വിമര്‍ശകര്‍

ഗുരുഗ്രാമില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ച സംഭവത്തില്‍ അപലപിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത് വന്നിരുന്നു. ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നടി ട്വിറ്ററില്‍ കുറിച്ചത്. ബജ്‌റംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘവരിവാര്‍ സംഘമാണ് വെള്ളിയാഴ്ച മൈതാനത്ത് നമസ്‌കരിക്കാനെത്തിയ വിശ്വാസികള്‍ക്കുനേരേ പ്രതിഷേധവുമായെത്തിയത് .

അതേസമയം, സ്വരയുടെ പ്രതികരണം വൈറലായതോടെ നടിക്കെതിരെ വിദ്വേഷപ്രചരണവുമായി ഒരുവിഭാഗം രംഗത്തുവന്നു. നിരവധി തീവ്രഹിന്ദുത്വ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സ്വരയ്ക്കെതിരെ ട്വീറ്റുകളും വന്നുതുടങ്ങി. ‘അങ്ങിനെയെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് മതം മാറാത്തത്’ തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നേരത്തെ, ഷാരൂഖ് ഖാന് പിന്തുണ അറിയിച്ച് രംഗത്തെത്തിയതിനും സ്വരയ്ക്കെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ തുടരുന്ന പശ്ചാത്തലത്തിലായിരുന്നു സ്വര പ്രതികരിച്ചത്.