സിനിമയിലേക്ക് വന്നത് സുഷിൻ ശ്യാമിന്റെ ശിഷ്യനായി; 'ഭ്രമയുഗ'ത്തിലൂടെ ഞെട്ടിച്ച് ക്രിസ്റ്റോ സേവ്യർ

മലയാളത്തിൽ നവീനമായൊരു സിനിമാനുഭവം പ്രേക്ഷകന് നൽകിയ ചലച്ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’. ഹൊറർ- മിസ്റ്ററി ഴോണറിൽ പുറത്തിറങ്ങിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും മികച്ച പ്രകടനത്തോടൊപ്പം ചിത്രത്തിലെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചുനിന്നു. ക്രിസ്റ്റോ സേവ്യർ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. സുഷിൻ ശ്യാമിന്റെ ശിഷ്യനായി വന്ന് ഭ്രമയുഗത്തിലൂടെ മലയാളത്തിൽ മികച്ച സംഗീത സംവിധായകരുടെ നിരയിലേക്കാണ് ക്രിസ്റ്റോ സേവ്യർ ഇന്ന് എത്തിനിൽക്കുന്നത്.

“എനിക്ക് ഹൊറർ സിനിമകൾ ഇഷ്‌ടമാണ്. മലയാളത്തിൽ എസ്ര കണ്ടു കഴിഞ്ഞപ്പോഴാണ് സിനിമകളിൽ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യണമെന്ന ആഗ്രഹം വരുന്നത്. പൊതുവെ മലയാളത്തിൽ അത്തരത്തിൽ പേടിപ്പിക്കുന്ന പരിപാടികൾ അതിന് മുൻപ് കണ്ടിരുന്നില്ല. എസ്ര കഴിഞ്ഞപ്പോഴാണ് സുഷിനെ അസിസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുന്നത്.

അങ്ങനെ അദ്ദേഹത്തെ കാണാനായി ഒരുപാട് തെണ്ടി നടന്നു. പുള്ളി പോകുന്ന സ്റ്റുഡിയോയിലൊക്കെ പോകും. സുഷിനെ അറിയുമോ എന്ന് അവരോട് ചോദിക്കും. അവസാനം അദ്ദേഹത്തെ കണ്ടുപിടിച്ചു. ശല്യം ചെയ്‌ത് ചെയ്ത് അദ്ദേഹത്തിനൊപ്പം വലിഞ്ഞു കേറി എന്ന് പറയുന്നതാവും നല്ലത്.

ഞാൻ അന്നൊരു പാട്ട് ചെയതിരുന്നു. അത് ഭയങ്കര അമെച്വർ ആയിരുന്നു. പക്ഷേ ആ പ്രായത്തിൽ അത് ഓക്കെയാണ്. ആ പാട്ട് ചെയ്‌ത ശേഷം വെറുതെ പോയി അദ്ദേഹത്തെ മീറ്റ് ചെയ്‌തു. അത് കേട്ട ശേഷം പുള്ളി നോക്കാമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ കോൾ വരാൻ കാത്തിരുന്നു.

പിന്നെ സുഷിൻ ചേട്ടൻ ട്രാൻസ് ചെയ്‌തുകൊണ്ടിരിക്കുന്ന സമയത്ത് ഞാൻ അദ്ദേഹത്തെ വിളിച്ച് ശല്യം ചെയ്‌തുകൊണ്ടേയിരുന്നു. ചേട്ടാ എനിക്ക് വേറെ വഴിയില്ല, ചേട്ടന്റെ്റെ കൂടെ എങ്ങനെയെങ്കിലും കയറണമെന്ന് പറഞ്ഞു.

ഒടുവിൽ എന്നാ നീ വാ എന്ന് പറഞ്ഞു. വരത്തൻ്റെ ടൈമിലാണ് ഞങ്ങൾ മീറ്റ് ചെയ്തത്. പക്ഷേ ഒരുമിച്ച് വർക്ക് ചെയ്‌തത്‌ ട്രാൻസിലാണ്. ട്രാൻസിന്റെ കമ്പോസിങ് നടക്കുമ്പോൾ ഞാൻ ഒരു സ്റ്റൂൾ ഇട്ട് സൈഡിൽ ഇരിക്കും. രണ്ടാഴ്ച്‌ച അങ്ങനെ ഇരുന്നു. ട്രാൻസിൻ്റെ ലാസ്റ്റ് കുറച്ച് സീക്വൻസുകൾ ഉണ്ട്. പുള്ളി വെറുതെ ചെയ്‌തുവെച്ച മ്യൂസിക്ക് അറേഞ്ച്‌ ചെയ്‌ത്‌ സ്കോറാക്കി ബിൽഡ് ചെയ്യാനൊക്കെ എന്നെ ഏൽപ്പിച്ചിരുന്നു. ആദ്യമായി കപ്പേളയിലാണ് ഒരു മ്യൂസിക്കൽ പീസ് ചെയ്യുന്നത്

സുഷിൻ ചേട്ടനെ മീറ്റ്‌ ചെയ്‌ത്‌ അദ്ദേഹത്തിൻ്റെ കോളിനായി കാത്തിരിക്കുന്നതിനിടെ റെക്‌സ് ജോർജ് ചേട്ടൻ വഴി ഞാനൊരു സെക്കന്റ് ഹാൻഡ് കീ ബോർഡ് വാങ്ങി. അന്ന് അദ്ദേഹത്തെ മീറ്റ് ചെയ്‌തപ്പോൾ അദ്ദേഹത്തിനും എൻ്റെ ഒരു ട്രാക്ക് കൊടുത്തിരുന്നു.

Read more

എന്തെങ്കിലും വർക്ക് കിട്ടിയാൽ പഠിക്കാമെന്ന് കരുതിയാണ് ഇതൊക്കെ ചെയ്യുന്നത്. സിനിമ എന്താണെന്ന് എനിക്ക് അറിയില്ല. അങ്ങനെ റെക് ചേട്ടൻ ജൂൺ എന്ന സിനിമയ്ക്ക് വേണ്ടി എന്നോട് വരാൻ പറഞ്ഞു. ഞാൻ അവിടെ ഒരു മൂലയ്ക്കിരുന്ന് കാര്യങ്ങൾ പഠിച്ചു. കുറച്ച് സീനുകൾ തരും. അത് ചെയ്യുമായിരുന്നു. അതും എനിക്കൊരു പഠനമായിരുന്നു. അതിന് ശേഷമാണ് സുഷിൻ ചേട്ടൻ്റെ കോൾ വരുന്നത്.” എന്നാണ് ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റോ സേവ്യർ പറഞ്ഞത്.