'പാ രഞ്ജിത്ത് രജിസ്റ്റര്‍ ചെയത 'ജയ് ഭീം' എന്ന പേര് തങ്ങള്‍ക്ക് തരാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു'; തുറന്നു പറഞ്ഞ് സൂര്യ

സൂര്യ ചിത്രം ‘ജയ് ഭീ’മിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് ജയ് ഭീം എന്ന പേര് കിട്ടാനുണ്ടായ സാഹചര്യത്തെ കുറിച്ച് നടന്‍ സൂര്യ പറയുന്ന വാക്കുകളും ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ പേരിന് തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകന്‍ പാ രഞ്ജിത്തിനോടാണ് എന്നാണ് സൂര്യ പറയുന്നത്.

ചിത്രത്തിന് ജയ് ഭീം എന്ന പേര് നിശ്ചയിച്ച ശേഷമാണ് സംവിധായകന്‍ പാ രഞ്ജിത് ആ പേര് രജിസ്റ്റര്‍ ചെയ്തതായി അറിയുന്നത്. അങ്ങനെ താന്‍ അദ്ദേഹത്തേട് ഇക്കാര്യം സംസാരിക്കുകയായിരുന്നു. തങ്ങള്‍ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ട്, സിനിമയ്ക്ക് ജയ് ഭീം എന്ന് പേര് നല്‍കാം എന്ന് കരുതുമ്പോഴാണ് താങ്കള്‍ നേരത്തെ ആ പേര് ബുക്ക് ചെയ്തത് അറിയുന്നത്.

ആ ടൈറ്റില്‍ തങ്ങള്‍ക്ക് തരാന്‍ പറ്റുമോ എന്ന് ചോദിച്ചു. എന്നാല്‍ ഇത് എല്ലാത്തിനും ചേര്‍ന്ന, എല്ലാ വിഷയവും സംസാരിക്കാന്‍ പറ്റിയ ടൈറ്റിലാണെന്നും, നിങ്ങള്‍ ധൈര്യമായി എടുത്തുകൊള്ളൂ എന്ന് പാ രഞ്ജിത്ത് പറയുകയായിരുന്നു. രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് നിങ്ങളത് എടുത്തോളൂ സാര്‍ എന്ന് അദ്ദേഹം പറഞ്ഞത്.

അത് തന്നെ അത്ഭുതപ്പെടുത്തി. ഒരു സിനിമ ചെയ്യുമ്പോള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട എല്ലാം ആ സിനിമയ്ക്ക് വേണ്ടി മാറ്റി വെക്കുന്നവരാണ് നമ്മള്‍. എന്നാല്‍ അദ്ദേഹത്തിന്റെ വലിയ മനസ് കാരണമാണ് ആ പേര് കിട്ടിയതെന്ന് സൂര്യ പറയുന്നു. ചിത്രത്തില്‍ അഭിഭാഷകനായ ചന്ദ്രുവിന്റെ റോള്‍ ആണ് സൂര്യ അവതരിപ്പിച്ചത്.

പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്.