തീയേറ്ററുകള്‍ക്കും എനിക്കും നിങ്ങള്‍ കാവലായി, നന്ദി; പ്രേക്ഷകരോട് സുരേഷ് ഗോപി

വീണ്ടും ആക്ഷന്‍ കിംഗായി സുരേഷ് ഗോപി (Suresh Gopi) ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് കാവല്‍ (Kaaval). നിതിന്‍ രണ്‍ജി പണിക്കര്‍ (Nithin Renji Panicker) സംവിധാനം ചെയ്ത ഈ വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

‘നന്ദി തിയറ്ററുകള്‍ക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്.. എനിക്ക് കാവലായതിന്..’, ചിത്രത്തിലെ തന്റെ ഒരു സ്റ്റില്ലിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. കേരളത്തിന് പുറത്ത് ബെംഗളൂര്‍, മൈസൂര്‍, മണിപ്പാല്‍,പൂനൈ, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Read more

നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി.