'ഞാനൊരു ഡയലോഗ് നിതിനോട് പറഞ്ഞിരുന്നു, അത് കൂടിയുണ്ടായിരുന്നേല്‍ കാവല്‍ 100 കോടി ക്ലബ്ബില്‍ കേറിയേനെ: സുരേഷ് ഗോപി

അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് മടങ്ങി വന്ന സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചു വരവാണ് ‘കാവല്‍’ ചിത്രം എന്നാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. സിനിമയില്‍ തന്റെ സ്ഥിരം ഡയലോഗുകള്‍ വേണമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നതായാണ് സുരേഷ് ഗോപി പറയുന്നത്.

ഈ സിനിമയില്‍ ഒന്നു രണ്ടിടത്തെങ്കിലും തന്റെ സ്ഥിരം ഡയലോഗുകള്‍ വേണമായിരുന്നുവെന്ന് പറയുന്ന ഒരുപാട് അഭിപ്രായ പ്രകടനങ്ങള്‍ വന്നിരുന്നു. താനൊരു ഡയലോഗ് നിതിനോട് പറഞ്ഞിരുന്നു. അത് കൂടി ഉണ്ടായിരുന്നുവെങ്കില്‍ ഒരു നൂറ് കോടി ക്ലബ്ബില്‍ ചിത്രം എത്തുമായിരുന്നോ എന്ന് ആഗ്രഹിച്ച് പോയെന്നും താരം പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിച്ചത്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

രണ്‍ജി പണിക്കര്‍ , സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും കഥാപാത്രങ്ങളായെത്തി. നവംബര്‍ 25ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.