മമ്മൂക്കയുടെ പേര് ഇവിടെ ഉച്ചരിക്കരുത്.. മോഹന്‍ലാലിന് പോലും പറ്റില്ല അതുപോലെയാവാന്‍: സുരേഷ് ഗോപി

സിനിമയ്ക്കായി ഭക്ഷണം നിയന്ത്രിക്കുന്ന കാര്യം പറയുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം മിണ്ടരുതെന്ന് സുരേഷ് ഗോപി. ഒരു അഭിമുഖത്തിനിടെ ഡയറ്റ് എന്തെങ്കിലും നോക്കാറുണ്ടോ എന്ന ചോദ്യത്തോടാണ് സുരേഷ് ഗോപി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഡയറ്റ് ഒട്ടുമില്ലാത്ത ഏകജീവി ഈ ലോകത്തില്‍ താനാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ഒരു നടനെ സംബന്ധിച്ച് ശരീരം ആണ് അവന്റെ ആയുധം എന്ന മമ്മൂട്ടിയുടെ പരാമര്‍ശം ഓര്‍മിപ്പിച്ചപ്പോള്‍ ഭക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ മമ്മൂക്ക എന്ന് പറയുന്ന നടന്റെ പേര് ഇവിടെ ഉച്ഛരിക്കരുതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ”അത് ഒരു അപൂര്‍വ ജന്മമാണ്. അങ്ങനെയൊന്നും ലോകത്ത് ആര്‍ക്കും പറ്റില്ല.”

”വലിയ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനും പറ്റില്ല അതുപോലെയാവാന്‍” എന്നാണ് സുരേഷ് ഗോപി പറയുന്നത്. അടുത്ത സിനിമക്ക് വേണ്ടി ഭാരം കുറക്കണം, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ചോദ്യത്തിന് തനിക്ക് പറ്റില്ലെന്നും ആ ഉപദേശം വേണ്ടെന്ന് വെക്കും എന്നാണ് താരത്തിന്റെ മറുപടി.

പുതിയ ചിത്രം ‘ഗരുഡന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് സുരേഷ് ഗോപി സംസാരിച്ചത്. നവാഗതനായ അരുണ്‍ വര്‍മ്മയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായ ഗരുഡന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ബിജു മേനോന്റെ പ്രകടനവും കയ്യടി നേടുകയാണ്.