ഹൈവേ 2; സീക്വല്‍ അല്ല, പറയുന്നത് ആ കൊലപാതകത്തിന്റെ കഥ; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

ഹൈവേ 2′ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആകാംക്ഷയിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഹൈവേ ചിത്രത്തിന്റെ പ്രീക്വല്‍ അല്ല എന്ന് സുരേഷ് ഗോപി. ചിത്രം പറയുന്നത് യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെടുത്തിയുള്ള കഥയാണ് എന്നും തന്റേത് നായക കഥാപാത്രമാണോ എന്നതിനും തീരുമാനമായിട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

‘പാപ്പന്‍’ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയുടെ ചിത്രീകരണം വൈകാന്‍ സാധ്യതയുള്ളതിനാല്‍ അതുവരെ ഒരു പാക്കേജ് ആയി വച്ചിരിക്കുകയാണ് ‘ഹൈവേ 2’ എന്നും ചിത്രത്തില്‍ ‘ഹൈവേ’യിലെ കഥാപാത്രത്തെ കാണാന്‍ സാധിക്കില്ല എന്നും താരം വ്യക്തമാക്കി.

‘വൈറ്റിലയില്‍ നടന്ന ഒരു വലിയ ഹൈവേ കൊലപാതകവുമായി ബന്ധപ്പെട്ട കഥ. കാലിക പ്രസക്തിയുള്ള സംഭവം ഇന്ന് ഹൈകോടതിയുടെ വിധിക്കു വേണ്ടി കാത്തിരിക്കുകയാണ്. ഏറ്റവും വലിയ വിചിത്രമായ കാര്യം ഈ സംഭവം ഉണ്ടാകുന്നതിന് മുന്‍പെഴുതിയ കഥയാണ് ഇത് എന്നുള്ളതാണ്.’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഹൈവേ 2′ എന്ന പ്രോജക്റ്റ്, ശരിക്കും ഹൈവേ ചിത്രത്തിന്റെ പ്രീക്വല്‍ അല്ല. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലായി രാജ്യത്തിന്റെ വികസന കുതിപ്പ് പ്രകടമാക്കുന്ന 14, 10 , 6, 12 ട്രാക്കുകള്‍ വരെയുള്ള ഹൈവേകളിലാണ് ചിത്രം ഷൂട്ട് ചെയ്യാന്‍ പോകുന്നത്. അതുകൊണ്ട് ഇത് ഒരു സീക്വല്‍ ആണ് എന്ന് പറയാന്‍ കഴിയില്ല. ചിത്രത്തില്‍ മറ്റൊരു സുരേഷ് ഗോപിയെ ആയിരിക്കും കാണാന്‍ പോകുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.