ഇത്തരം തിന്മകളില്‍ വീഴരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ; ഇലന്തൂര്‍ നരബലി, പ്രതികരിച്ച് സുരേഷ് ഗോപി

കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ നരബലി കേസില്‍ പ്രതികരണവുമായി മുന്‍ എം പി സുരേഷ് ഗോപി. സിദ്ധനെന്നു പറയുന്നവരുടെ തട്ടിപ്പുകളില്‍ ജനങ്ങള്‍ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം തിന്മകളെ സമൂഹം മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

തട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതില്‍ പോയി വീഴുന്നു എന്നതാണ് പ്രശ്‌നം. ഇത്തരം തിന്മകളില്‍ പോയി ഇനിയും വീഴരുതെന്ന് മുഖ്യമന്ത്രിയാണോ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അധമ പ്രവര്‍ത്തനങ്ങളില്‍ എന്റെ സംഭാവന ഉണ്ടാകില്ലെന്ന് ഓരോ വ്യക്തിയും കരുതിയാല്‍ പ്രശ്‌നം തീരും. നേരത്തെയും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ജനങ്ങള്‍ സ്വയം തീരുമാനമെടുക്കണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ഇലന്തൂര്‍ കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരെ കാക്കനാട് ജില്ലാ ജയിലേക്കും, ലൈലയെ വനിതാ ജയിലിലേക്കും മാറ്റും.

പ്രതികള്‍ക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ നല്‍കുമെന്ന് പോലീസ് അറിയിച്ചു. ഷാഫി വേറെയും സ്ത്രീകളെ പൂജയില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു.

പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ആവശ്യം. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും എത്തിച്ചത്. പൊലീസിനെതിരെ പരാതി ഇല്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു.