'നീ വരുന്നോ' എന്ന് മാത്രമെ സുരേഷേട്ടന്‍ ചോദിച്ചുള്ളു, എന്നെയും കൂട്ടി ഓട്ടോയില്‍ ഒറ്റപ്പോക്ക്: സുരാജ് വെഞ്ഞറാമൂട്

സുരേഷ് ഗോപിക്കൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിനെ കുറിച്ച് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്. കാറ് വരാന്‍ വൈകിയതോടെയാണ് ദേഷ്യപ്പെട്ട് ഓട്ടോയില്‍ കയറിയത്. അങ്ങനെ ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില വരെ തങ്ങള്‍ ഓട്ടോയില്‍ പോയി എന്നാണ് സുരാജ് പറയുന്നത്.

സുരാജിന്റെ പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ പ്രമോഷന്റെ ഭാഗമായ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കാന്‍ പറഞ്ഞപ്പോഴാണ് താരം സംസാരിച്ചത്. ‘ഹൈലസ’ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്തുള്ള അനുഭവമാണ് സുരാജ് പറഞ്ഞത്.

ഒരിക്കല്‍ താന്‍ സുരേഷ് ഗോപി ചേട്ടനൊപ്പം ഓട്ടോയില്‍ പോയൊരു അനുഭവമുണ്ട്. കൊച്ചിയില്‍ ഹൈലസ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയമാണ്. സുരേഷേട്ടന്‍ വൈറ്റ് ഫോര്‍ട്ടിലേക്ക് പോകാന്‍ ചേട്ടന്റെ വാഹനം കാത്ത് നില്‍ക്കുകയാണ്. താനും ഒപ്പമുണ്ട്. ചേട്ടന്റെ കാറ് വരാന്‍ പത്ത് മിനിറ്റോളം വൈകി.

ആ ദേഷ്യത്തില്‍ കാറില്‍ കയറാതെ അപ്പുറത്തേക്ക് മാറി ഓട്ടോയ്ക്ക് കൈ കാണിച്ച് എന്നേയും കൂട്ടി അതില്‍ കേറി പോയി. ‘നീ വരുന്നോ’ എന്നൊരു ചോദ്യം മാത്രമെ ചോദിച്ചുള്ളു. താന്‍ തന്നെ ഞെട്ടിപ്പോയി. അങ്ങനെ ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില വരെ ഓട്ടോയില്‍ പോയി.

അദ്ദേഹത്തിന് അര്‍ജന്റായി എത്തണം സമയം പാലിക്കണം, അതിനാണ് വേറൊന്നും നോക്കാതെ ഓട്ടോയ്ക്ക് കൈ കാണിച്ച് അതില്‍ കയറി പോയത്. അദ്ദേഹം ദേഷ്യപ്പെട്ട് ഓട്ടോയില്‍ പോകുന്നത് കണ്ട് അദ്ദേഹത്തിന്റെ കാര്‍ ഓട്ടോയെ പിന്തുടര്‍ന്ന് വരുന്നുണ്ടായിരുന്നു എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.