ഓരോ കുട്ടി ജനിച്ചപ്പോഴും ഓരോ അവാർഡ്, ഓസ്കർ ലഭിക്കുമെങ്കിൽ ഒരു കൈകൂടി നോക്കാം: സുരാജ് വെഞ്ഞാറമൂട്

മലയാള സിനിമയിൽ ഹാസ്യതാരമായി തിളങ്ങി പിന്നീട് നായകനായി പ്രശംസകൾ ഏറ്റുവാങ്ങിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങളും തന്റെ കരിയറിൽ താരം നേടുകയുണ്ടായി.

ഇപ്പോഴിതാ അവാർഡുമായി ബന്ധപ്പെട്ട് രസകരമായ ഒരു കാര്യം പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഓരോ കുട്ടികൾ ഉണ്ടായ സമയത്തും തനിക്ക് ഓരോ അവാർഡുകൾ ലഭിച്ചുവെന്നും, ഇനിയൊരു ഓസ്കർ ലഭിക്കുമെങ്കിൽ നാലാമത്തെ കുട്ടിക്ക് വേണ്ടി താൻ തയ്യാറാണ് എന്നാണ് സുരാജ് തമാശ രൂപേണ പറഞ്ഞത്.

“എനിക്ക് മൂന്ന് കുട്ടികളാണുള്ളത്. ആദ്യത്തെ ആൾ ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അങ്ങനെ ഇരുന്നപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു വസുദേവ്, ആ സമയത്താണ് എനിക്ക് രണ്ടാമത്തെ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അപ്പോൾ ഞാൻ വിചാരിച്ചു ഈ പരിപാടി കൊള്ളാമല്ലോ. താൻ പാതി ദൈവം പാതി എന്ന് പറയുന്നതുപോലെ. പിന്നീട് ഒരു പെൺകുഞ്ഞ് വേണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. അങ്ങനെ മൂന്നാമത് ഒരു പെൺകുട്ടി ജനിച്ചു, ഹൃദ്യ. അവൾ ജനിച്ചപ്പോൾ എനിക്ക് മറ്റൊരു സംസ്ഥാന അവാർഡുംകൂടെ ദേശീയ അവാർഡും കിട്ടി. ഇനി ഓസ്കർ അവാർഡ് കിട്ടുമെങ്കിൽ നാലാമത്തെതിനും ഞാൻ റെഡിയാണ്.

അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം വേണ്ട പ്രാർഥന മാത്രം മതി എന്നുകൂടി ഈ അവസരത്തിൽ പറയുകയാണ്. ഇന്ന് ഞാൻ ഈ കഥ ഇവിടെ പറയുമെന്ന് എന്റെ ഭാര്യയോട് പറഞ്ഞപ്പോൾ ‘നിങ്ങൾക്ക് നാണമില്ലേ മൂന്ന് അവാർഡ് കിട്ടിയത് എന്റെയും കൂടി മിടുക്ക് കൊണ്ടാണ്. ഇനിയൊരു കാര്യം ചെയ്യ് സ്വന്തമായി കഷ്ടപ്പെട്ട് പോയി അഭിനയിച്ച് ഒരു അവാർഡ് കൊണ്ടുവരൂ.’ എന്നാണ് അവൾ പറഞ്ഞത്.

ചോറ്റാനിക്കര അമ്പലത്തിൽ വെച്ചുനടന്ന ഒരു പരിപാടിലായിരുന്നു സുരാജ് വെഞ്ഞാറമൂട് ഇങ്ങനെ പറഞ്ഞത്. ഡോ. ബിജുകുമാർ ദാമോദരൻ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ‘പേരാറിയാത്തവർ’ എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു സുരാജ് വെഞ്ഞാറമൂടിന് ആ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചത്.