റിലീസിന് മുൻപേ ഗോള്‍ഡ് നേടിയത് 50 കോടി ?; നിഷേധിച്ച് സുപ്രിയ മേനോന്‍

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

റിലീസിന് മുന്‍പേ തന്നെ ഈ ചിത്രം പ്രീ- റിലീസ് ബിസിനസ്സിലൂടെ അന്‍പത് കോടി നേടിയെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും വലിയ സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ് റൈറ്റ്‌സ്, തമിഴ് റിലീസ് റൈറ്റ്‌സ് എന്നിവ ഗോള്‍ഡ് സ്വന്തമാക്കി എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തകളെ നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇതിന്റെ നിര്‍മ്മാതാക്കളിലൊരാളായ സുപ്രിയ മേനോന്‍. ഇപ്പോള്‍ പുറത്ത് പ്രചരിക്കുന്ന കണക്കുകള്‍ ശരിയല്ല എന്നും, ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച കാര്യങ്ങളൊക്കെ സമയം പോലെ പുറത്ത് വിടുമെന്നും സുപ്രിയ പറയുന്നു.

Read more

സിനിമ റിലീസ് ആവുന്നതിന് മുന്‍പ് ഇത്തരം കണക്കുകള്‍ എങ്ങനെയാണ് പറയാന്‍ പറ്റുക എന്നും സുപ്രിയ ചോദിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം നിര്‍മ്മിക്കാന്‍ സാധിച്ചതിലും അത് പുറത്ത് വന്നതിലും സന്തോഷമുണ്ടെന്നും സുപ്രിയ പറയുന്നു.