'നിങ്ങള്‍ വെള്ളത്തില്‍ പോയാല്‍ നമ്മളും ചാടിയിരിക്കും എന്നാണവര്‍ പറഞ്ഞത്', സണ്ണി വെയ്ന്‍

തന്റെ പുതിയ സിനിമയായ അടിത്തട്ടിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ സണ്ണി വെയ്ന്‍. മത്സ്യത്തൊഴിലാളികളുടെ സ്‌നേഹം എന്താണെന്ന് മനസ്സിലാക്കാന്‍ ഷൂട്ടിംഗ് സമയത്ത് കഴിഞ്ഞുവെന്ന് നടന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയി വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കണ്ടുപഠിക്കാന്‍ കഴിഞ്ഞു. 19 ദിവസം ബോട്ടില്‍ത്തന്നെയായിരുന്നു. 14 മണിക്കൂറോളം ജോലി ചെയ്ത ദിവസങ്ങളുണ്ട്. ആ ദിവസങ്ങളില്‍ വീട്ടുകാര്‍ എന്ന പോലെയാണ് മത്സ്യത്തൊഴിലാളികള്‍ പെരുമാറിയത്. അവരുടെ സ്‌നേഹം എന്താണെന്ന് അവര്‍ തരുന്ന ഭക്ഷണത്തിലൂടെ അറിയാന്‍ പറ്റും. നിങ്ങള്‍ വെള്ളത്തില്‍ പോയാല്‍ നമ്മളും ചാടിയിരിക്കും എന്നാണ് പറഞ്ഞത്.

അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ വെള്ളത്തിലേക്ക് ചാടേണ്ടിവന്നു. മത്സ്യത്തൊഴിലാളികള്‍ മുകളില്‍ നില്‍ക്കുന്നത് വളരെയേറെ ധൈര്യം തന്നിരുന്നു. കടലില്‍ സിനിമ ചിത്രീകരിക്കുന്നത് വലിയൊരു ദൗത്യം തന്നെയായിരുന്നു. രാത്രി ചിത്രീകരണം ഒരനുഭവം തന്നെയായിരുന്നു. കടലിന് നടുവില്‍ ഇരുട്ടത്ത് ജോലി ചെയ്യുന്നതിന്റെ ഒരു വിങ്ങലുണ്ടായിരുന്നു. സൂര്യന്‍ ഉദിച്ചുയരുന്നത് കാണുമ്പോള്‍ ആ പ്രശ്‌നങ്ങളെല്ലാം തീരും സണ്ണിവെയ്ന്‍ കൂട്ടിച്ചേര്‍ത്തു.