'അതുവരെ കളിച്ചുചിരിച്ചിരുന്ന കാർ നിശ്ശബ്ദമായി'; മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തിൽ നടത്തിയ ഇടപെടലിനെ പറ്റി സുധീർ കരമന

മലയാളത്തിലെ ഏക്കാലത്തെയും മികച്ച നടനാണ് മമ്മൂട്ടി. താൻ വളരുന്നതിനൊപ്പം മറ്റുള്ളവർക്കും അവസരം ഒരുക്കി കൊടുക്കുന്ന നടൻ തനിക്കും അവസരങ്ങൾ നൽകിയിട്ടുണ്ടെന്ന് പറയുകയാണ് നടനും അദ്ധ്യാപകനുമായ സുധീർ കരമന. ക്യാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂക്ക തന്റെ സിനിമാ ജീവിതത്തിൽ നടത്തിയ ഇടപെടലിനെ പറ്റി സുധീർ കരമന സംസാരിച്ചത്.

‘ഹൈദരാബാദിൽ ബോംബെ മാർച്ച് 12ന്റെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. ഞാൻ അതിൽ കേണലായിട്ടാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയുമായി അതിൽ ഫൈറ്റ് സീനൊക്കെയുണ്ട്. ഷൂട്ടിനിടക്ക് മമ്മൂക്ക എന്തോ കാര്യത്തിന് ഡിസറ്റർബ്ഡായി. ലോക്കേഷൻ മാറ്റിയിട്ടും മമ്മൂക്ക കംഫർട്ടബിളായില്ല. മമ്മൂക്ക ദേഷ്യത്തിലാണെന്ന് ഡയറക്ടർക്ക് മനസിലായി. ആ സമയത്തെ സംബന്ധിച്ചിടത്തോളം ഷൂട്ട് ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയിലായിരുന്നില്ല. തട്ടികൂട്ടി ചെയ്യേണ്ട എന്നുള്ളത് കൊണ്ടാവാം മമ്മൂട്ടിക്ക് ദേഷ്യം വന്നത്.

എങ്കിൽ നാളെ ഷൂട്ട് ചെയ്യാമെന്ന് ഡയറക്ടർ പറഞ്ഞു. ആയിക്കോട്ടെന്ന് പറഞ്ഞ് മമ്മൂക്ക തിരികെ പോയി. ഷൂട്ടില്ലന്ന സന്തോഷത്തിൽ താനും ഉണ്ണി മുകുന്ദനും ജയനും പിന്നെ കുറച്ച് പേരും രാമോജിയിലെ ഗ്രൗണ്ടിലേക്ക് ക്രിക്കറ്റ് കളിക്കാൻ പോയി. പെട്ടെന്നൊരു കോൾ വന്നു. സുധീർ എവിടെ എന്നായിരുന്നു കോൾ ചെയ്ത ആൾ ചോദിച്ചത്. താൻ ഫോൺ വാങ്ങി. ഇവിടെ സിത്താരയിലിറങ്ങണം മമ്മൂട്ടിക്ക് കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എന്നോട് പറഞ്ഞത്. അതുവരെ കളിച്ചു ചിരിച്ചിരുന്ന കാർ നിശബ്ദമായി.

പിന്നെ അന്നത്തെ കാര്യങ്ങളൊക്കെ ചർച്ച ചെയ്യുകയായിരുന്നു. എന്താണ് സംഭവിച്ചത്. എന്തിനാണ് തന്നെ അദ്ദേഹം വിളിപ്പിക്കുന്നത് എന്ന് ഓർത്ത് ടെൻഷനടിച്ച് ഒടുവിൽ താൻ സിത്താര ഹോട്ടലിൽ ഇറങ്ങി. റിസപ്ഷനിൽ ജോർജേട്ടനെ കണ്ടപ്പോൾ കുറച്ച് സമാധാനമായി. ജോർജേട്ടൻ റിസപ്ഷനിൽ പോയിരിക്കാൻ പറഞ്ഞു. റിസപ്ഷനിൽ കുറച്ച് നേരം ഇരുന്നപ്പോൾ ജോർജേട്ടൻ വന്നു മുകളിലേക്ക് ചെല്ലാൻ പറഞ്ഞു.

റൂമിൽ ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഹാളിലേക്ക് വരാൻ പറഞ്ഞു. അവിടെ മമ്മൂക്കയുണ്ട്. സദസ് പോലെ കുറച്ച് ആളുകളും അവിടെ ഇവിടെ ഇരിപ്പുണ്ട്. ദൈവമേ ഇത്രയും ആളുകളുടെ മുമ്പിൽ എന്താ പറയാൻ പോവുന്നത്. താൻ യാന്ത്രികമായി അടുത്തേക്ക് നടന്നു ചെന്നു. മമ്മൂക്ക എന്നെയും അവരെയും നോക്കിയിട്ട് ഇതാണ് താൻ പറഞ്ഞ ആൾ, അടുത്ത പടത്തിൽ ഇദ്ദേഹം വേണമെന്ന് പറഞ്ഞു. ലൈം ലൈറ്റിലേക്ക് വരാൻ എനിക്ക് അവസരമൊരുക്കിയ കിങ് ആൻഡ് ദി കമ്മീഷണർ എന്ന ചിത്രത്തിലേക്കുള്ള വഴിയായിരുന്നു അത്. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ലെന്നും’ സുധീർ കരമന കൂട്ടിച്ചേർത്തു.