കുലുങ്ങല്‍ തള്ളിന് അവസാനമില്ലേ..? 'കണ്ണപ്പയില്‍ ലാലേട്ടന്റെ ഇന്‍ട്രോയില്‍ തിയേറ്റര്‍ കുലുങ്ങും' എന്ന് സ്റ്റീഫന്‍ ദേവസി; ചര്‍ച്ചയാകുന്നു

മോഹന്‍ലാലിന്റെ തിയേറ്ററില്‍ ദുരന്തമായി മാറിയ സിനിമകളില്‍ ഒന്നാണ് ‘മലൈകോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിരുന്നു. സിനിമയുടെ റിലീസിന് മുമ്പ് ചിത്രത്തിന്റെ സഹസംവിധായകനായ ടിനു പാപ്പച്ചന്‍ മോഹന്‍ലാലിന്റെ എന്‍ട്രിയില്‍ തിയേറ്റര്‍ കുലുങ്ങും എന്ന് പറഞ്ഞത് ആരാധകരില്‍ ആവേശം നിറച്ചിരുന്നു.

എന്നാല്‍ സിനിമ എത്തിയതോടെ അത് ട്രോള്‍ ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വീണ്ടും തിയേറ്റര്‍ കുലുങ്ങും എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ സ്റ്റീഫന്‍ ദേവസി. ‘കണ്ണപ്പ’ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിനെ കുറിച്ചാണ് സ്റ്റീഫന്‍ ദേവസി സംസാരിച്ചത്.

‘കണ്ണപ്പയില്‍ ലാലേട്ടന്റെ ഇന്‍ട്രോയില്‍ തിയറ്റര്‍ കുലുങ്ങും’ എന്നാണ് സ്റ്റീഫന്‍ പറയുന്നത്. ഇതോടെ വാലിബന്‍ ഇറങ്ങുന്നതിന് മുമ്പ് ടിനു പാപ്പച്ചന്‍ പറഞ്ഞ വാക്കുകളുമായി കൂട്ടി വായിക്കുകയാണ് സോഷ്യല്‍ മീഡിയ. കുലുങ്ങല്‍ തള്ള് എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ സംഗീതജ്ഞന്റെ വാക്കുകള്‍ ചര്‍ച്ചയാക്കുന്നത്. അതേസമയം, സ്റ്റീഫന്‍ ദേവസിയും മണി ശര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിഷ്ണു മഞ്ചു നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് കണ്ണപ്പ. ചിത്രത്തില്‍ കാമിയോ റോളിലെത്തുന്ന മോഹന്‍ലാല്‍ ഒരു രൂപ പോലും വാങ്ങാതെയാണ് അഭിനയിച്ചത്. കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’യ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് കണ്ണപ്പ ചിത്രം എത്തുന്നത്.

മോഹന്‍ലാല്‍ കൂടാതെ പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.