രാജമൗലി ഇന്ത്യയിലെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, അടുത്ത ചിത്രത്തിലൂടെ ആഗോള സിനിമയിലേക്ക് എത്തും: രാം ചരണ്‍

സംവിധായകന്‍ എസ്.എസ് രാജമൗലി ഇന്ത്യയിലെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആണെന്ന് നടന്‍ രാം ചരണ്‍. ടോക്ക് ഷോയായ ഗുഡ് മോര്‍ണിംഗ് അമേരിക്ക 3യില്‍ ആണ് രാംചരണ്‍ സംസാരിച്ചത്. 2023ലെ ഒാസ്‌കര്‍ അവാര്‍ഡിന് മുന്നോടിയായാണ് രാം ചരണ്‍ അമേരിക്കയില്‍ എത്തിയത്.

”ആര്‍ആര്‍ആര്‍ സൗഹൃദം, രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സഹോദര ബന്ധം എന്നിവയെ കുറിച്ചുള്ളതാണ്. രാജമൗലിയുടെ ഏറ്റവും മികച്ച രചനകളില്‍ ഒന്നാണിത്. അദ്ദേഹം ഇന്ത്യയിലെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആണ്. എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്.”

”അടുത്ത ചിത്രത്തിലൂടെ അദ്ദേഹം ആഗോള സിനിമയിലേക്ക് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” എന്നാണ് രാം ചരണ്‍ പറയുന്നത്. അതേസമയം, ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച ഒറിജിനല്‍ ഗാനം എന്ന വിഭാഗത്തിലാണ് നാട്ടു നാട്ടു നോമിനേഷന്‍ നേടിയിരിക്കുന്നത്.

നാട്ടു നാട്ടു ഗാനം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഈ ഗാനരംഗത്തിലെ രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി എന്നീ പ്രമുഖ താരങ്ങളും ആര്‍ആര്‍ആറില്‍ അഭിനയിച്ചിരുന്നു.

Read more

രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറഞ്ഞത്. ആഗോളതലത്തില്‍ 1200 കോടി രൂപ ചിത്രം നേടിയിരുന്നു.