ഞാന്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടു വെട്ടണം: ശ്രീനിവാസന്‍

ട്വന്റി 20-യുടെ ഭാഗമാകാനുള്ള നടന്‍ ശ്രീനിവാസന്റെ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ശ്രീനിവാസന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായപ്പോള്‍ അരാഷ്ട്രീയമാണ് താരത്തിന്റെ തീരുമാനം എന്ന് രാഷ്ട്രീയക്കാര്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ് ശ്രീനിവാസന്‍. മലയാള മനോരമയുടെ ക്രോസ് ഫയറിലാണ് താരം സംസാരിച്ചത്.

അരാഷ്ട്രീയമാണ് തന്റെ തീരുമാനം എന്ന് രാഷ്ട്രീയക്കാര്‍ ആരോപിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല. കാരണം താന്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്കു തോന്നണമെങ്കില്‍ ആരെയെങ്കിലും 51 വെട്ടു വെട്ടണം. അത് എനിക്കു സാധിക്കില്ല. അതുകൊണ്ട് അരാഷ്ട്രീയക്കാരനായി എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

ചില വികാരങ്ങളുടെ മുതലെടുപ്പു വേദിയായി മാറി രാഷ്ട്രീയം ഇപ്പോള്‍ എന്നും ശ്രീനിവാസന്‍ പറയുന്നു. കിറ്റ് കിട്ടി, പെന്‍ഷന്‍ നൂറു രൂപ കൂടുതല്‍ കിട്ടി എന്നാല്‍ പിന്നെ ഇവര്‍ക്കു തന്നെ വോട്ടു ചെയ്‌തേക്കാം എന്ന നിലയിലേക്ക് രാഷ്ട്രീയത്തിന്റെ സ്വഭാവം മാറി. സൗജന്യങ്ങള്‍ കൊടുത്താല്‍ വോട്ടു കിട്ടുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് തെളിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നാല്‍ കൂടുതല്‍ വ്യക്തമാകുമെന്നും താരം പറയുന്നു.

അതേസമയം, അക്രമ രാഷ്ട്രീയത്തോടുള്ള അഭിനിവേശം സിപിഎമ്മിലെ പലര്‍ക്കും കൂടുതലാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. തങ്ങള്‍ക്കു മാത്രം എല്ലാം അറിയാം, ബാക്കിയുളളവരെല്ലാം മണ്ടന്മാര്‍ എന്നു വിചാരിക്കുന്നവര്‍ അക്കൂട്ടത്തില്‍ വളരെ അധികമുണ്ടെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.