നായികയെ തീരുമാനിക്കുന്നത് പോലും താരത്തിന്റെ ഇഷ്ടം നോക്കി, നിര്‍മ്മാതാവ് കാല്‍ പിടിക്കണം: ശ്രീകുമാരന്‍ തമ്പി

സിനിമാ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ പോര് മുറുകുന്നതിനിടെ പ്രതികരണവുമായി സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി. എല്ലാ തൊഴില്‍ മേഖലയിലും പണം മുടക്കുന്നവന്‍ മുതലാളിയും തൊഴില്‍ ചെയ്ത് പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണെന്നും എന്നാല്‍ സിനിമയില്‍ സ്ഥിതി വിപരീതമാണ്. നായികമാരെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിക്കുന്നതും താരങ്ങളാണ് എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഏതു തൊഴില്‍ മേഖലയിലും പണം മുടക്കുന്നവന്‍ മുതലാളിയും തൊഴില്‍ ചെയ്തു പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്. എന്നാല്‍ സിനിമയിലെ സ്ഥിതി വിപരീതമാണ്. അവിടെ പണം മുടക്കുന്നയാള്‍ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന താരം മുതലാളിയുമാണ്. കോടികള്‍ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ.

തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നതു പോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം. അഭിനേതാക്കള്‍ സ്വന്തമായി പടം എടുക്കരുതെന്ന് ഞാന്‍ ഒരിക്കലും പറയില്ല. തീര്‍ച്ചയായും അവര്‍ നിര്‍മാണരംഗത്തു വരണം.

എങ്കില്‍ മാത്രമേ നിര്‍മ്മാതാവിന്റെ അവസ്ഥ അവര്‍ മനസ്സിലാക്കൂ. കവി എന്ന നിലയിലോ സംവിധായകന്‍ എന്ന നിലയിലോ അല്ല ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകള്‍ സ്വന്തമായി നിര്‍മ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിര്‍മ്മാതാവ് എന്ന നിലയിലാണ്.