മകന്റെ മരണം ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ല! അന്വേഷിക്കാന്‍ പോയാല്‍ എന്നെ മാഫിയ കൊല്ലുമെന്ന് അദ്ദേഹം പറഞ്ഞു: ശ്രീകുമാരന്‍ തമ്പി

മകന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ മരണമാണ് തന്നെ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച സംഭവമെന്ന് ശ്രീകുമാരന്‍ തമ്പി. മകന്‍ പോയിട്ടിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷമായി സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചാണ് ഞാനുറങ്ങുന്നത്. അല്ലാതെ ഉറങ്ങാന്‍ കഴിയില്ല, അദ്ദേഹം ഫ്‌ളവേഴ്‌സ് ടിവി പരിപാടിയില്‍ പറഞ്ഞു.

മകന്‍ ആത്മഹത്യ ചെയ്തെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല. അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന് ആദ്യം എന്റെ മരുമകനോട് പറഞ്ഞത് ഒരു കാരണവശാലും തമ്പിയെ ഹൈദരാബാദില്‍ വിടരുതെന്നാണ്. തമ്പി ഹൈദരാബാദില്‍ ഇത് അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും. അദ്ദേഹം തന്നെ പറയുന്നു ഒരു വലിയ മാഫിയ ഉണ്ടെന്ന്.

ഒരു മലയാളിപ്പയ്യന്‍ വന്ന് മൂന്ന് പടം അവിടെ ഹിറ്റാക്കുന്നു, അത് സഹിക്കാന്‍ അവരെക്കൊണ്ട് കഴിയില്ല. ആ വാക്കുകള്‍ വല്ലാതെ സംശയമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ജന്മദിനം ആഘോഷിക്കാറില്ലെന്നും, ഈ സത്യം ആരാധകര്‍ മനസിലാക്കണമെന്നും ശ്രീകുമാരന്‍ തമ്പി അടുത്തിടെ പറഞ്ഞിരുന്നു. എന്റെ ഏറ്റവും വലിയ സന്തോഷം മകനായിരുന്നു എന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. 2009 മാര്‍ച്ച് 20നായിരുന്ന ശ്രീകുമാരന്‍ തമ്പിയുടെ മകനും സംവിധായകനുമായ രാജ്കുമാറിനെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.