ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടിയായിരുന്നു മോനിഷ. ചെറുപ്രായത്തിൽ തന്നെ അഭിനയ രംഗത്ത് സജീവമായിരുന്ന നടി ഏവരുടെയും ഇഷ്ടനായിക കൂടിയായിരുന്നു. തന്റെ 21-ാമത്തെ വയസിൽ ഒരു കാർ ആക്‌സിഡന്റിലാണ് മോനിഷ ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴിതാ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോനിഷയ്ക്കുണ്ടായ അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് അമ്മയായ ശ്രീദേവി ഉണ്ണി.
‘അപകടം നടക്കുമ്പോൾ മോനിഷ എന്റെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. സമയം രാവിലെ ഏകദേശം ആറ് മണിയായി കാണും. ബസും കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ആ കാര്യത്തെ കുറിച്ച് പറയുന്നത് തന്നെ വലിയ വിഷമമാണ്. അന്ന് കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞപ്പോൾ പിന്നിൽ നിന്നും വന്ന ബസ് കാറിനെ ഇടിച്ച് തെറിപ്പിച്ച് പോവുകയായിരുന്നു. കാർ എടുത്ത് ചാടി ഡിവൈഡറിന് മുകളിൽ കയറിയെന്ന് പറയുന്നു. അതൊന്നും എനിക്ക് തോന്നിയില്ല. ബസ് എന്തോ വന്ന് ഇടിക്കുന്നത് മാത്രമേ എനിക്ക് തോന്നിയുള്ളു. പക്ഷേ ഞാൻ ഡോർ തുറന്ന് അതിനകത്ത് നിന്നും തെറിച്ച് വീണതുകൊണ്ട് രക്ഷപെടുകയായിരുന്നു.
എന്റെ കാലിനാണ് പരിക്കേറ്റത്. എന്താണെന്ന് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി മനസിലായിരുന്നു. എനിക്കെപ്പോഴും മോനിഷയുടെ മേൽ സ്‌നേഹമാണ്. അവളെ ദൈവീകമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാം പോയെന്ന് വീണപ്പോൾ തന്നെ മനസിലായി. ആദ്യം ഓട്ടോക്കാരാണ് ഞങ്ങളെ രക്ഷിക്കാൻ വന്നത്. എന്നെ ആദ്യം കൊണ്ട് പോകാൻ നോക്കിയെങ്കിലും മകളില്ലാതെ വരില്ലെന്ന് വാശിപ്പിടിച്ചു. അവർ മോനിഷയെ എടുത്ത് കൊണ്ട് വന്ന് ഓട്ടോറിഷയിൽ കയറ്റി. എന്റെ മടിയിൽ തന്നെയാണ് അവളെ കിടത്തിയത്. മുഖമൊക്കെ രക്തമായിരുന്നു. എവിടെ നിന്നാണ് അത് വരുന്നതെന്ന് മനസിലായില്ല. രണ്ട് കിലോമീറ്ററിനുള്ളിൽ തന്നെ ആശുപത്രി ഉണ്ടായിരുന്നു.
അവൾക്ക് തലയുടെ പിന്നിലാണ് ഗുരുതരമായ പരിക്കേറ്റത്. വേറെ എവിടെയും പ്രശ്‌നം തോന്നിയില്ല. ആശുപത്രിയിൽ ഈത്തിയിട്ടും ഞാൻ കൂടെതന്നെ നിന്നു. അമ്മേ എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ കണ്ണ് ശാന്തമായി തുറന്നു. അപ്പോൾ അവളുടെ കണ്ണിൽ വെള്ളനിറം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ കണ്ണുകൾ മെല്ലെ അടഞ്ഞു. അപ്പോൾ തന്നെ പോയി. അവൾ പോവുകയാണെന്ന് എനിക്കും മനസിലായി’ എന്നാണ് ശ്രീദേവി ഉണ്ണി പറഞ്ഞത്.