'മദ്യപിച്ചതു കൊണ്ടാണ് ഇങ്ങനെ പെരുമാറിയത്', ഫെഫ്കയോട് അലന്‍സിയര്‍; 'അമ്മ'യുടെ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്ന് എസ്.എന്‍ സ്വാമി

അലന്‍സിയറിന് എതിരെ സംവിധായകന്‍ വേണു നല്‍കിയ പരാതിയോട് പ്രതികരിച്ച് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍. ഈ പരാതി അമ്മ സംഘടനയ്ക്ക് കൈമാറിയെന്ന് യൂണിയന്‍ പ്രസിഡന്റും സംവിധായകനുമായ എസ്.എന്‍ സ്വാമി മനോരമ ഓണ്‍ൈലനിനോട് വ്യക്തമാക്കി. മദ്യപിച്ചതു കൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലന്‍സിയര്‍ പറഞ്ഞതായും സംവിധായകന്‍ വ്യക്തമാക്കി.

ഫെഫ്ക ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാനാണ് അലന്‍സിയര്‍ വേണുവിന്റെ വീട്ടിലെത്തുന്നത്. വന്നപ്പോള്‍ അദ്ദേഹം അല്‍പ്പം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് മനസിലാകുന്നത്. വേണുവിനെ പോലെ വളരെ സീനിയറായ, ബഹുമാനിക്കപ്പെടുന്ന ഒരാളോട് മോശമായാണ് നടന്‍ പെരുമാറിയത്.

മദ്യപിച്ചതു കൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലന്‍സിയര്‍ പിന്നീട് പറഞ്ഞു. പക്ഷേ അതൊരു കാരണമല്ലല്ലോ. അലന്‍സിയറിന് എതിരായ പരാതി റൈറ്റേഴ്‌സ് യൂണിയന്‍, ഫെഫ്ക ഫെഡറേഷന് കൈമാറി. ഈ വിഷയത്തില്‍ അമ്മ സംഘടനയുടെ മറുപടി കിട്ടാനാണ് കാത്തിരിക്കുന്നത്. നടന്ന സംഭവത്തില്‍ കൃത്യമായ മറുപടി കിട്ടണം എന്നതാണ് ആവശ്യം.

എന്നാല്‍ മാത്രമേ ഇത് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോ എന്നു പോലും പറയാനാകൂ. അമ്മയില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന ശേഷമാകും തീരുമാനമുണ്ടാകുക. മദ്യപിച്ച് അസഭ്യമായല്ല അദ്ദേഹം സംസാരിച്ചത്. എന്നാല്‍ ഒരുതരത്തിലും നിലവാരത്തിന് യോജിക്കാത്ത ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി റൈറ്റേഴ്‌സ് യൂണിയന് നല്‍കിയിട്ടുമുണ്ട് എന്ന് എസ്.എന്‍ സ്വാമി പറഞ്ഞു.

അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനയി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് റൈറ്റേഴ്സ് യൂണിയന്‍ സിനിമ നിര്‍മ്മിക്കുന്നത്. കാപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ മുതലായവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ മൂവി ആയിട്ടാവും സിനിമ ഇറങ്ങുക.