മലയാളികളുടെ സൗന്ദര്യബോധത്തിനു അനുസരിച്ച് ഫിറ്റാവുക എന്നത് പ്രോബ്ലമാറ്റിക്ക് ആണ്: സിതാര കൃഷ്ണകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി മികച്ച ഗാനങ്ങൾ സിതാരയുടെ ശബ്ദത്തിൽ നമ്മൾ കേട്ടിട്ടുണ്ട്. ഗായിക മാത്രമല്ല റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും സിതാര ഇപ്പോൾ സജീവമാണ്.

ഇപ്പോഴിതാ സൗന്ദര്യസങ്കൽപ്പത്തെ കുറിച്ചും സൗന്ദര്യബോധത്തെ കുറിച്ചും സംസാരിക്കുകയാണ് സിതാര. ഓണവും വിഷുവും വരുമ്പോൾ വേഷ്ടിമുണ്ട് ഉടുക്കുക, ചന്ദനക്കുറി ഇടുക എന്നതൊക്കെ നമ്മൾ ഉണ്ടാക്കി എടുത്തതാണ് എന്നാണ് സിതാര പറയുന്നത്. ഇതിന് പിന്നിൽ കച്ചവട താത്പര്യങ്ങൾ ഉണ്ടെന്നും, മലയാളികളുടെ ബോധത്തിനു അനുസരിച്ച് ഫിറ്റാവുക എന്ന് പറയുന്നത് പ്രോബ്ലമാറ്റിക്ക് ആയിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും സിതാര പറയുന്നു.

“മലയാളികളുടെ ബോധത്തിനു അനുസരിച്ച് ഫിറ്റാവുക എന്ന് പറയുന്നത് പ്രോബ്ലമാറ്റിക്ക് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത്തരത്തിൽ ഒരു ബോധം നമ്മൾ ഉണ്ടാക്കി എടുത്തതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സത്യത്തിൽ മലയാളിക്ക് എന്ന രീതിയിൽ ഒരു സിസ്റ്റം നമ്മൾ ഉണ്ടാക്കി എടുത്തതാണ്. അങ്ങനെ ഒന്നില്ല ശരിക്കും.

ബ്യൂട്ടി സ്റ്റാൻഡേർഡ്സ് ഒക്കെ മാധ്യമങ്ങൾ അടക്കം നമ്മൾ ഉണ്ടാക്കി എടുത്തതാണ്. ഓണം വരുമ്പോൾ വിഷു വരുമ്പോൾ വേഷ്ടിമുണ്ട് ഉടുക്കുക, ചന്ദനക്കുറി ഇടുക എന്നതൊക്കെ നമ്മൾ ഉണ്ടാക്കി എടുത്തതാണ്. നമ്മൾ ഈ റൂട്ട്സിലേക്കോ, പിന്നാമ്പുറത്തേക്കോ ഒക്കെ പോയി കഴിഞ്ഞാൽ ഇതുമായി ഒന്നും അധികം ബന്ധം ഉണ്ടാകില്ല. അതിനൊക്കെ കച്ചവടം ഉണ്ട്.

സൗന്ദര്യം എന്നാൽ ഇന്നതാണ് എന്ന് നമ്മൾ സ്റ്റാൻഡേർഡൈസ്‌ ചെയ്യുകയാണ്. എനിക്ക് ഒരിക്കൽ അത് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ആളുകൾ എന്നോട് ചോദിച്ചു ബോഡി ഷെയ്മിങ് നേരിട്ടോ എന്ന്. ഒരിക്കൽ മേക്കപ്പ് ഒക്കെ മാറ്റിക്കൊണ്ട് ഞാൻ സംസാരിച്ചിരുന്നു, അന്ന് ആളുകൾ എന്നോട് ആരെങ്കിലും ഹർട്ട് ചെയ്തോ എന്ന് ചോദിച്ചിരുന്നു.

എന്നെ ആരും ഹർട്ട് ചെയ്തിട്ടല്ല ഞാൻ അങ്ങനെ സംസാരിക്കുന്നത്. പക്ഷേ നല്ലത് എന്ന രീതിയിൽ ആളുകൾ ചിന്തിക്കുന്നതാണ് വിഷയം. വേഷ്ടിയും മുണ്ടും ഒക്കെയുടുത്ത്, കാണാൻ നല്ല ഭംഗിയായി അണിഞ്ഞൊരുങ്ങി വന്നാൽ അത് നല്ല ഭംഗിയുള്ള സ്ത്രീ എന്നാകും ആളുകൾ പറയുന്നത്, ഇത് തന്നെ പുരുഷന്മാരുടെ കാര്യത്തിലും ഉണ്ട്. നമ്മൾ കുറച്ചു കംഫർട്ട് ആയ വേഷം ധരിച്ചാൽ സോഷ്യൽ റ്റാഗുകൾ വരും.

ഒരു മീഡിയത്തിന്റെ ഭാഗമായി നമ്മൾ വർക്ക് ചെയ്യുമ്പോൾ ഇത്തരം മേക്കപ്പിനെക്കുറിച്ചും ഡ്രസ്സിങ്ങിനെക്കുറിച്ചും വേണമെങ്കിൽ ചില കടും പിടിത്തങ്ങൾ ചെയ്യാം. പക്ഷെ ഞാൻ ചെയ്യാറില്ല. കാരണം അത് സമയനഷ്ട്ടമാണ്. ഈ വസ്ത്രം ഞാൻ എന്തിനു ധരിക്കണം എന്ന് വേണമെങ്കിൽ ചോദിക്കാം, അതിനു പോകാത്തതുകൊണ്ടാണ്, അല്ലാതെ അഭിപ്രായം ഇല്ലാത്തതുകൊണ്ടല്ല.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിതാര പറഞ്ഞത്.