ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒരുമിച്ചു കൂടുന്നത് തെറാപ്പിയാണ്, ഞങ്ങള്‍ ഞങ്ങള്‍ തന്നെ; സയനോരക്ക് സിതാര കൃഷ്ണകുമാറിന്റെ പിന്തുണ

ഗായിക സയനോര ഫിലിപ്പിനെതിരായ സൈബര്‍ ആക്രമണത്തില്‍ സയനോരയ്ക്ക് പിന്തുണ അറിയിച്ച് ഗായിക സിതാര കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയിലൂടെയാണ് സിതാര പിന്തുണ പ്രഖ്യാപിച്ചത്.

ഗായിക സിതാര, മാധ്യമ പ്രവര്‍ത്തക ശ്രീജ എന്നിവരടങ്ങുന്ന അഞ്ചംഗ സുഹൃത് സംഘം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ‘വീ ലവ് യു സയ, ലവ് ടു ഓള്‍ ബ്യൂട്ടിഫുള്‍ ഗേള്‍ സോള്‍’ എന്നാണ് വീഡിയോയുടെ അവസാനം എഴുതിയിരിക്കുന്നത്.

സയനോര ഡാന്‍സ് കളിച്ച ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാട്ടിന് ചുവടു വെയ്ക്കുകയായിരുന്നു സിതാര.

‘ ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒരുമിച്ചു കൂടുന്നത് പലപ്പോഴും ഒരു തെറാപ്പിയാണ്. ഞങ്ങള്‍ ഞങ്ങള്‍ തന്നെയാണ്. ചിലപ്പോള്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചിലപ്പോള്‍ പരസ്പരം കരയുകയും ചെയ്യും,’ വീഡിയോയ്ക്ക് താഴെ സിതാര കുറിച്ചു.