'എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതിനാല്‍ നിങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവരാകുന്നില്ല'; മോശം ഭാഷയില്‍ സംസാരിക്കുന്നവരോട് സിത്താര

സോഷ്യല്‍ മീഡിയയില്‍ മോശം ഭാഷയില്‍ അഭിപ്രായ പ്രകടനം നടത്തുന്നവര്‍ക്കെതിരെ ഗായിക സിത്താര കൃഷ്ണകുമാര്‍. തന്റെ അഭിപ്രായങ്ങളോട് മോശമായി ഒരാള്‍ പ്രതികരിച്ചാല്‍ പിന്നീട് അയാളെ എതിര്‍ക്കുന്നതിനായി മറ്റു ചിലര്‍ അതിലും മോശമായ ഭാഷ ഉപയോഗിക്കുന്നു. ഇത് ശരിയായ രീതിയല്ല എന്ന് സിത്താര ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സിതാര കൃഷ്ണുമാറിന്റെ കുറിപ്പ്:

വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമയോ, സംഗീതമോ ഭക്ഷണോ, എന്തും….. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങള്‍ ആണ് നമുക്കാവശ്യം പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുന്നത്!

ഒരാള്‍ക്ക് എന്റെ അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ട് എന്ന് കരുതുക, അയാള്‍ പരസ്യമായി വികൃതമായ ഭാഷയില്‍ പ്രതികരിക്കുന്നു അയാളെ എതിര്‍ക്കാനായി അതിലും മോശം ഭാഷയില്‍ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിര്‍ലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടര്‍ നിങ്ങള്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ് എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതു കൊണ്ട്, നിങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവരാകുന്നില്ല ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല. നമുക്ക് ആശയപരമായി സംവദിക്കാം!

കഴിഞ്ഞ ദിവസം ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിത്താക രംഗത്തെത്തിയിരുന്നു. മുട്ടായി പോലെ മധുരമുള്ള മനസുള്ള ദ്വീപിലെ മനുഷ്യരോട് കാണിക്കുന്നത് ക്രൂരതയാണ് എന്നാണ് സിത്താര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.