നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന് എന്റെ നിഷ്‌കളങ്കതയോ സംസ്‌കാരമോ 'നല്ല പെണ്‍കുട്ടിത്തരമോ' ആയി ഒരു ബന്ധവുമില്ല: സിത്താര കൃഷ്ണകുമാര്‍

തന്റെ പഴയ വീഡിയോകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളോട് എതിര്‍പ്പ് പ്രകടപ്പിച്ച് ഗായിക സിത്താര കൃഷണകുമാര്‍. ചെറുപ്പത്തിലെ തന്നെ ഇന്നും ആളുകള്‍ ഓര്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇതിലെ ചില കമന്റുകള്‍ വിചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിഷ്‌ക്കളങ്കയായിരുന്ന സിതാര എന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് സിത്താരയുടെ പോസ്റ്റ്. അശാസ്ത്രീയമായി ശബ്ദ പരിശീലനം നടത്തിയതിന്റെയും മത്സരങ്ങള്‍ക്ക് വേണ്ടി മറ്റു ഗായകരുടെ പാട്ടുകള്‍ നിരന്തരം പാടി പഠിച്ചതിന്റെയും ഭാഗമായാണ് ആ നേര്‍ത്ത ശബ്ദമുണ്ടായത് എന്ന് സിത്താര കുറിച്ചു.

സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ്:

എനിക്ക് 19 വയസ്സുള്ളപ്പോഴത്തെ വീഡിയോ ആണിത്. ചെറുപ്പത്തിലെ എന്നെ ആളുകള്‍ ഓര്‍ക്കുന്നതും അഭിനന്ദിക്കുന്നതും സന്തോഷം തന്നെയാണ്. അതില്‍ നന്ദിയുമുണ്ട്. പക്ഷെ ചില അഭിപ്രായങ്ങള്‍ വിചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അതുകൊണ്ട് ചെറുപ്പക്കാരായ സംഗീത വിദ്യാര്‍ത്ഥികളോട് വോയ്സ് കള്‍ച്ചറിനെയും വോക്കല്‍ ട്രെയ്നിംഗിനെയും കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.

വീഡിയോയില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്ന ആ ശബ്ദത്തിന് എന്റെ നിഷ്‌കളങ്കതയോ സംസ്‌കാരമോ “നല്ല പെണ്‍കുട്ടിത്തരമോ” ആയി ഒരു ബന്ധവുമില്ല. വര്‍ഷങ്ങളോളം അശാസ്ത്രീയമായി ശബ്ദ പരിശീലനം നടത്തിയതിന്റെയും മത്സരങ്ങള്‍ക്ക് വേണ്ടി മറ്റു ഗായകരുടെ പാട്ടുകള്‍ നിരന്തരം പാടി പഠിച്ചതിന്റെയും ഭാഗമായാണ് ആ നേര്‍ത്ത ശബ്ദമുണ്ടായത്.

എനിക്ക് അന്നും പാടാന്‍ പറ്റുമായിരുന്നു, പക്ഷെ അത് ശരീരവും മനസുമൊന്നും അറിഞ്ഞും നിറഞ്ഞും പാടുന്നതായിരുന്നില്ല, വെറും തൊണ്ടയുടെ പണി മാത്രമായിരുന്നു. പിന്നീട് എന്റെ യഥാര്‍ത്ഥ ശബ്ദം കണ്ടെത്താന്‍ സഹായിച്ച അധ്യാപകരോടും വോയ്സ് ട്രെയ്നര്‍ ലിജോ കെ. ജോസിനോടും ഒരുപാട് നന്ദിയുണ്ട്.

ആ ശബ്ദം ആളുകള്‍ക്ക് ഇഷ്ടമാണോ അല്ലയോ എന്നുള്ളത് വേറെ കാര്യമാണ്. പക്ഷെ, ഞാന്‍ എന്റെ ശബ്ദത്തില്‍ പൂര്‍ണ്ണ തൃപ്തയാണ്. എനിക്ക് നല്ല സമാധാനവുമുണ്ട്. അതുമാത്രമാണ് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നതെന്ന് ഇന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും