കാര്‍ഡിയാക് അറസ്റ്റിനെ അതിജീവിച്ചു, നെഞ്ചില്‍ പേസ്‌മേക്കറും ഘടിപ്പിച്ചു ദാ മുന്നോട്ട് തന്നെ, പട്ടി ഷോ ഒക്കെ കാണിച്ചു ഇങ്ങനെ അങ്ങട് പൂവാ: ഹരീഷ് ശിവരാമകൃഷ്ണന്‍

ലോക ഹൃദയ ദിനത്തില്‍ താന്‍ ഹൃദ്രോഗത്തെ അതിജീവിച്ച കഥ പങ്കുവച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍. മുമ്പ് തനിക്ക് ഹൃദ്രോഗം വന്നതും അതിനെ അതിജീവിച്ചതിനെ കുറിച്ചുമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഗായകന്‍ പറയുന്നത്. 36-ാം വയസില്‍ സഡന്‍ കാര്‍ഡിയാക് അറസ്റ്റിനെ അതിജീവിച്ചു. നെഞ്ചില്‍ പേസ്‌മേക്കറും ഘടിപ്പിച്ചാണ് ജീവിക്കുന്നത് എന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നത്.

ഗായകന്റെ കുറിപ്പ്:

ഇന്നാണ് World Heart Day.
ഹൃദ്രോഗം മറ്റേത് അസുഖം പോലെ തന്നെയാണ് – ജനിതകമായ കാരണങ്ങള്‍ കൊണ്ടോ, ജീവിത രീതിലെ അച്ചടക്കമില്ലായ്മ കൊണ്ടോ, അമിതമായ പുകവലി കൊണ്ടോ പല കാരണങ്ങളാല്‍ വന്നു ചേരാവുന്ന ഒന്ന്. നല്ല വ്യായാമം, നല്ല ജീവിത ശൈലി, സമയാ സമയങ്ങളില്‍ ഉള്ള വിദഗ്ധ പരിശോധന ഇവയെല്ലാം ആണ് ഹൃദ്രോഗം തടയാന്‍ സഹായകമാവുന്ന ചില ഘടകങ്ങള്‍.

മുന്‍പും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു – ഭയം അല്ല ആത്മവിശ്വാസം ആണ് ഹൃദ്രോഗത്തെ അതിജീവിക്കാന്‍ വേണ്ടത് എന്നാണ് ഞാന്‍ എന്റെ ജീവിത അനുഭവങ്ങളില്‍ നിന്നു പഠിച്ചത്. 34 ആം വയസ്സില്‍ വേദിയില്‍ കുഴഞ്ഞു വീണ ഞാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്താല്‍ ആന്‍ജിയോപ്ലാസ്റ്റി മുഖാന്തരം ആരോഗ്യവാന്‍ ആയി ജീവിതത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും 36 ആം വയസ്സില്‍ സഡന്‍ കാര്‍ഡിയാക് അറസ്റ്റിനെ അതിജീവിച്ചു, നെഞ്ചില്‍ പേസ്‌മേക്കറും ഘടിപ്പിച്ചു ദാ മുന്നോട്ട് തന്നെ.

ഈ 7 വര്‍ഷങ്ങളില്‍ ഞാന്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 200 ഇല്‍ ഏറെ വേദികളില്‍ പാടി. കുറെ ഫോട്ടോസ് എടുത്ത് പോസ്റ്റ് ചെയ്തു. സന്തോഷത്തോടെ മുമ്പോട്ടേക്ക് തന്നെ എന്ന ഉറച്ച തീരുമാനം എടുത്തു. ഹൃദ്രോഗം പലപ്പോഴും ഒന്നിന്റെയും അവസാനം അല്ല, അതിജീവിച്ചു മുമ്പോട്ട് പോവുക സാധ്യം ആണ് എന്നതാണ് എന്റെ അനുഭവം.

നമുക്ക് അടിച്ചു പൊളിച്ചു പാട്ടൊക്കെ പാടി കുറെ പട്ടി ഷോ ഒക്കെ കാണിച്ചു ഇങ്ങനെ അങ്ങട് പൂവാ… ല്ലെ? ഞാന്‍ മുമ്പോട്ട് തന്നെ – നില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇനീപ്പോ ജയിച്ചില്ലെങ്കിലും ജയിക്കാന്‍ വേണ്ടി കളിക്കുന്നതല്ലേ രസം ബ്രോസ്?