ഒരു വര്‍ഷം മുമ്പ് പാടിയ പാട്ട് ഈ സിനിമയ്ക്ക് വേണ്ടിയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.. ലിജോ വിളിച്ചത് ഡബ്ബ് ചെയ്യാനായിരുന്നു: അഭയ ഹിരണ്‍മയി

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘മലൈകോട്ടൈ വാലിബന്‍’ ചിത്രത്തിലെ ‘പുന്നാര കാട്ടിലെ പൂവനത്തില്‍’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ലിജോ ചിത്രത്തില്‍ ഗാനം ആലപിച്ചതിനെ കുറിച്ച് പറയുകയാണ് അഭയ ഹിരണ്‍മയി.

സിനിമ ഏതാണെന്ന് അറിയാതെയാണ് താന്‍ പാട്ട് പാടിയത് എന്നാണ് അഭയ പറയുന്നത്. സംവിധായകന്‍ പ്രശാന്ത് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്നു ഒരു വര്‍ഷം മുമ്പ് ഈ പാട്ട് പാടാനായി അഭയയെ വിളിച്ചത്. പ്രശാന്തിന്റെ പാട്ടാണെന്ന് മാത്രമറിയാം. പാട്ട് പാടുക മാത്രമാണ് ധര്‍മ്മം, തന്നെ വിളിക്കുന്നത് ഏത് സിനിമയ്ക്കാണെന്ന് പോലും നോക്കാറില്ല എന്നാണ് അഭയ പറയുന്നത്.

ആരുടെ കൂടെയാണ് പാടുന്നത്, ഏത് സിനിമയാണ്, എപ്പോള്‍ പാട്ട് റിലീസ് ചെയ്യും എന്നൊന്നും താന്‍ അന്വേഷിക്കാറില്ല. താന്‍ പാടിയ പല പാട്ടുകളുടെയും റിലീസ് ദിവസമോ ചിലപ്പോള്‍ അരമണിക്കൂര്‍ മുമ്പോ ആയിരിക്കും താന്‍ അറിയുന്നത്. അതേ സമീപനം തന്നെ ആയിരുന്നു പ്രശാന്തിന് വേണ്ടി പാടിയ പുന്നാര കാട്ടിലെ എന്ന പാട്ടിനോടും.

പിന്നീട് രണ്ട് മാസം മുമ്പ് ലിജോയുടെ അസിസ്റ്റന്റ് തന്നെ വിളിച്ചു. വാലിബനില്‍ പാടാന്‍ ആകുമെന്ന് വിചാരിച്ചു. എന്നാല്‍ ആട്ടക്കാരി എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ ആയിരുന്നു വിളിച്ചത്. ഡബ്ബ് ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും താന്‍ ചെയ്താല്‍ ശരിയാവില്ലെന്ന് ലിജോയോട് പറഞ്ഞു.

എങ്കിലും ഒരു ശ്രമം എന്ന നിലയില്‍ ചെയ്തു. തുടര്‍ന്ന് തന്നോട് അഭയ പാടിയ പാട്ട് കേള്‍ക്കണ്ടേ എന്ന് ലിജോ ചോദിക്കുകയായിരുന്നു. അതിന് താന്‍ ലിജോയ്ക്ക് വേണ്ടി പാടിയിട്ടില്ലാലോ എന്നായിരുന്നു താന്‍ പറഞ്ഞത്. പിന്നീടാണ് പ്രശാന്തിന് വേണ്ടിയല്ല, ആ പാട്ട് വാലിബന് വേണ്ടി പാടിയതാണെന്ന് അറിഞ്ഞത് എന്നാണ് അഭയ ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.