മൂന്ന് പിള്ളേര് കൂടി ഉണ്ടായിരുന്നെങ്കില്‍ മൂന്ന് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങാമായിരുന്നു.. എന്തോ ദുരന്തം സംഭവിച്ച പോലെയായിരുന്നു അവരുടെ ഭാവം: സിന്ധു കൃഷ്ണ

പെണ്‍കുട്ടികള്‍ മാത്രമുള്ള ദമ്പതികളോട് സമൂഹം ചോദിക്കുന്ന ചില ടിപ്പിക്കല്‍ ചോദ്യങ്ങളെ കുറിച്ച് പറഞ്ഞ് നടി അഹാന കൃഷ്ണ. തന്റെ അച്ഛന്‍ നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ചാണ് അമ്മ സിന്ധു കൃഷ്ണയ്‌ക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തില്‍ അഹാന വ്യക്തമാക്കിയിരിക്കുന്നത്.

”മൂന്നാമതും പെണ്‍കുട്ടിയാണ് ജനിച്ചതെന്ന് അറിഞ്ഞപ്പോള്‍ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വലിയ ആശങ്കയായിരുന്നു. ഇഷാനി ജനിച്ച സമയത്ത്, എല്ലാവര്‍ക്കും ഞങ്ങളുടെ കുടുംബത്തില്‍ എന്തോ ദുരന്തം സംഭവിച്ചെന്ന തരത്തിലുള്ള ഭാവമായിരുന്നു. നാലാമതും പെണ്‍കുട്ടി ആയതോടെ, ഇനി ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന അവസ്ഥയായി.”

”ആ സമയം ഞങ്ങള്‍ പലസ്ഥലങ്ങളിലും പോകുമ്പോള്‍, അച്ഛനോട് ആളുകള്‍ വന്ന് ചോദിക്കും ‘ഇപ്പോള്‍ സിനിമ ഒന്നും ഇല്ലേ?’ എന്ന്. അച്ഛന്‍ ‘ഇല്ലാ’ എന്ന് മറുപടി പറയുമ്പോള്‍, ‘ഓ നാല് പെണ്‍കുട്ടികള്‍ ആണല്ലേ എന്ന്’ അവര്‍ ചോദിക്കുമായിരുന്നു.”

”എല്ലാവര്‍ക്കും ഞങ്ങള്‍ എങ്ങനെ ജീവിക്കും, മക്കളെ എങ്ങനെ കല്യാണം കഴിപ്പിക്കും എന്ന വ്യാകുലതകളായിരുന്നു” എന്നാണ് അഹാന പറയുന്നത്. അതേസമയം, തന്റെ പെണ്‍കുട്ടികളെ കുറിച്ച് തനിക്ക് അഭിമാനമേയുള്ളൂ എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.

”രണ്ട്, മൂന്ന് പിള്ളേര് കൂടി ഉണ്ടായിരുന്നെങ്കില്‍ രണ്ട്, മൂന്ന് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങാമായിരുന്നു. ഞാന്‍ ഇന്ന് ഇത്ര നല്ല രീതിയില്‍ ജീവിക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും എന്റെ പെണ്‍കുട്ടികള്‍ക്കാണ്, അതിന് അവരോട് വലിയ നന്ദിയുണ്ട്. അതില്‍ എനിക്ക് അഭിമാനം ഉണ്ട്” എന്നാണ് സിന്ധു പറയുന്നത്.