ആത്മീയ പരിവര്‍ത്തന യാത്രയില്‍ കേരളത്തിന് പ്രത്യേക പങ്ക്: ആരാധകരോട് ചിമ്പു

നടന്‍ ചിമ്പു നായകനായഭിനയിച്ച പുതിയ ചിത്രം പത്ത് തല വ്യാഴാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ഈയവസരത്തില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കായി ചിമ്പു ഒരു വീഡിയോ സന്ദേശവുമായി വന്നിരിക്കുകയാണ്. സംസ്ഥാനത്ത് 150-ലേറെ സ്‌ക്രീനുകളിലാണ് ക്രൗണ്‍ ഫിലിംസ് റിലീസ് ചെയ്യുന്നത്.

ഈ സിനിമയാണ് കേരളത്തിലെ തന്റെ ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസെന്ന് ചിമ്പു പറഞ്ഞു. കേരളത്തില്‍ നേരിട്ട് വന്ന് പ്രചാരണം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. തീര്‍ച്ചയായും ഉടന്‍ കേരളത്തിലെത്തി എല്ലാവരേയും കാണും. കേരളം എപ്പോഴും തനിക്ക് സ്പെഷ്യലാണ്. വിണ്ണൈ താണ്ടി വരുവായാ ചിത്രീകരിച്ചത് കേരളത്തിലാണ്. ആത്മീയ പരിവര്‍ത്തനയാത്രയിലും കേരളത്തിന് പ്രത്യേകമായ പങ്കുണ്ടെന്നും താരം പറഞ്ഞു.

Read more

മാനാട്, വെന്ത് തണിന്തത് കാട് എന്നീ ചിത്രങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദിയും വീഡിയോയില്‍ ചിമ്പു പറയുന്നു. വലിയ ഊര്‍ജമാണ് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയത്. മറ്റൊരു സുപ്രധാനവേഷം അവതരിപ്പിച്ച ഗൗതം കാര്‍ത്തിക്, ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന എ.ആര്‍. റഹ്‌മാന്‍ എന്നിവരെ പേരെടുത്ത് പറയുന്നുമുണ്ട് അദ്ദേഹം.