താലിബാന്‍ വിഡ്ഢികളും ആഗോള പ്രശ്നക്കാരായ അമേരിക്കയും ആ പാവം അഫ്ഗാനെ ഒന്നു വെറുതെ വിട്ടിരുന്നെങ്കില്‍: സിദ്ധാര്‍ത്ഥ്

ഭീകരവാദ സംഘടന താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കൈയടക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ത്ഥ്. താലിബാനും അമേരിക്കയും അഫ്ഗാനിസ്ഥാനെ വെറുതെ വിടണമെന്നാണ് നടന്‍ തന്റെ ട്വീറ്റിലൂടെ പറഞ്ഞത്.

‘താലിബാന്‍ വിഡ്ഢികളും ആഗോള പ്രശ്‌നക്കാരായ അമേരിക്കയും ആ പാവം അഫ്ഗാനിസ്ഥാനെ ഒന്നു വെറുതെ വിട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുകയാണ്. എത്രയോ വേദനാജനകമാണ് അവിടുത്തെ കാര്യങ്ങള്‍,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു

അതേസമയം അഫ്ഗാനിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് സിനിമാരംഗത്ത് നിന്നും നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന അഫ്ഗാന്‍ സംവിധായിക സഹ്റ കരീമിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പൃഥ്വിരാജും ടൊവിനോയും അഫ്ഗാന്‍ ജനതയ്ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം വ്യക്തമാക്കിയത്.

ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും മുമ്പു തന്നെ അഫ്ഗാന് പിന്തുണയുമായി എത്തിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും താലിബാനെതിരെ വിമര്‍ശനവുമായി എത്തിയത്.

‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ/ അണ്‍ഫ്രണ്ട് ചെയ്ത് പോകണം,’ എന്നായിരുന്നു ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ്.