മുന്‍നിര നായികമാര്‍ക്ക് അത് താങ്ങാനായെന്ന് വരില്ല, സ്വാസികയെ കാസ്റ്റ് ചെയ്തതിന് പിന്നിലെ കാരണം ഇതാണ്..: സിദ്ധാര്‍ഥ് ഭരതന്‍

ഇറോട്ടിക് രംഗങ്ങളുള്ള ‘ചതുരം’ സിനിമയില്‍ സ്വാസികയെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണം പറഞ്ഞ് സിദ്ധാര്‍ഥ് ഭരതന്‍. ഇറോട്ടിക് രംഗങ്ങള്‍ ചെയ്യാന്‍ തയാറാവുന്ന നായികയെ ആയിരുന്നു വേണ്ടിയിരുന്നത്. സോഷ്യല്‍മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റ് മറികടക്കാന്‍ സാധിക്കുന്ന നായികയെ ആയിരുന്നു തിരഞ്ഞത് എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.

ഈ സിനിമയുടെ കാസ്റ്റിംഗ് പൊതുവെ എളുപ്പമായിരുന്നു. എല്ലാവരും ആദ്യം ചിന്തിച്ച ആളുകള്‍ തന്നെയാണ്. എന്നാല്‍ നായികയുടെ കാര്യത്തിലാണ് അല്‍പം പ്രശ്നമുണ്ടയിരുന്നത്. കുറച്ച് ഇറോട്ടിക് രംഗങ്ങളുള്ള സിനിമയാണ്. അത് ചെയ്യാന്‍ തയ്യാറാവുന്ന നായികയായിരിക്കണം.

പലര്‍ക്കും അത് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലൂടെ നെഗറ്റീവ് കമന്റിടുന്നവര്‍ ഒരുപാടാണ്. അതൊക്കെ മറികടക്കാന്‍ പറ്റുന്നവരായിരിക്കണം. മുന്‍നിര നായികമാര്‍ക്ക് ചിലപ്പോള്‍ അത് താങ്ങാനായെന്ന് വരില്ല. കമന്റ് ഇട്ട് പോവുന്നവര്‍ക്കറിയില്ല അത് എങ്ങനെയാണ് മറ്റൊരാളെ ബാധിക്കുന്നത്.

അത് മറികടക്കാന്‍ പെണ്‍കുട്ടികളൊക്കെ ഒരുപാട് കഷ്ടപ്പെടാറുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിം കണ്ടാണ് സ്വാസികയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സ്വാസികയ്ക്ക് ഇത് ചെയ്യാന്‍ പറ്റുമെന്ന് തനിക്ക് തോന്നി എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

അതേസമയം, ചതുരത്തിന്റെ ടീസറും ട്രെയ്‌ലറും എത്തിയപ്പോള്‍ തന്നെ സ്വാസികയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നവംബര്‍ 4ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റോഷന്‍ മാത്യു, അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.