പ്രേക്ഷകര്‍ക്ക് അസ്വസ്ഥതയായി, മോഹന്‍ലാലിന്റെ ആ രംഗങ്ങള്‍ വെട്ടിക്കളഞ്ഞു, 'സമ്മര്‍ ഇന്‍ ബത്‌ലേഹമി'ലെ ക്ലൈമാക്‌സ് മാറ്റി: സിബി മലയില്‍

സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തിയ ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്ലഹേം’. ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആമി എന്ന കഥാപാത്രത്തിന്റെ കാമുകന്റെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. ഒരൊറ്റ സീനില്‍ മാത്രമേ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും നിരഞ്ജന്‍ എന്ന കഥാപാത്രം തിയേറ്ററില്‍ ഇംപാക്ട് ഉണ്ടാക്കിയിരുന്നു.

എന്നാല്‍ മോഹന്‍ലാലിന്റെ മറ്റൊരു സീന്‍ ഉണ്ടായിരുന്നുവെങ്കിലും അത് വെട്ടിക്കളഞ്ഞു എന്നാണ് സിബി മലയില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. രണ്ടാമതൊരു സീന്‍ തിയേറ്ററില്‍ വന്നതിന് ശേഷമാണ് കട്ട് ചെയ്ത് കളയുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രത്തെ സുരേഷ് ഗോപിയുടെ ഡെന്നീസ് താലികെട്ടിയതിന് ഒരു ജസ്റ്റിഫിക്കേഷന്‍ വേണമെന്ന് കരുതി.

ജയിലില്‍ നിന്നും തിരികെ വീട്ടിലെത്തിയതിന് ശേഷം മഞ്ജുവിനെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞ് മനസിലാക്കുന്നതാണ് സീന്‍. നീ സ്നേഹിച്ച ആള്‍ മരണത്തിലേക്ക് പോയി, എന്നിട്ടും നിന്നെ സ്നേഹിക്കുന്ന ഡെന്നീസിനെ മനസിലാക്കണം എന്ന് പറയുന്ന നീളമുള്ളൊരു സീനായിരുന്നു അത്. അതിനൊടുവില്‍ ആമി വന്നിരിക്കുന്ന ബെഞ്ചില്‍ നിരഞ്ജന്റെ സാന്നിധ്യമുണ്ടാവും.

മരണത്തിന് ശേഷം നിരഞ്ജന്റെ ആത്മാവ് തന്നോട് സംസാരിക്കുന്നതായി ഒരു തോന്നലാണ് ആ സീന്‍. വിവാഹം ചെയ്തത് ശരിയാണെന്നും ഡെന്നീസിനൊപ്പം സുഖമായി ജീവിക്കണമെന്നുമൊക്കെ നിരഞ്ജന്‍ സ്വപ്നത്തില്‍ വന്ന് പറയുന്ന തരത്തിലാണ് ആ രംഗം ചെയ്തത്. എന്നാല്‍ തിയേറ്ററില്‍ വന്നതിന് ശേഷം ഇത് പ്രേക്ഷകരില്‍ അസ്വസ്ഥത ഉണ്ടാക്കി.

ലാലിന് സൂപ്പര്‍ താരപരിവേഷം ഉണ്ടല്ലോ. സിനിമ തിയേറ്ററില്‍ എത്തുന്നത് വരെ ഇതില്‍ മോഹന്‍ലാല്‍ ഉണ്ടെന്ന് പുറത്ത് പറഞ്ഞിട്ടില്ല. ലാല്‍ വന്നതോടെ അത് തിയേറ്ററില്‍ ഭയങ്കരമായിട്ടൊരു ഷോക്ക് ആയി. അപ്രതീക്ഷിതമായിട്ടുള്ള ഒരു എന്‍ട്രിയായിരുന്നു. ജയിലിലെ സീനിന് ശേഷം ആളുകള്‍ക്ക് ബാക്കിയുള്ള ഭാഗം കാണാന്‍ താല്‍പര്യമില്ലാതെയായി.

ഡെന്നീസിനെ വിവാഹം കഴിച്ച ഉടനെ റെയില്‍വേ സ്റ്റേഷനില്‍ ആമി ചിരിച്ചോണ്ട് നില്‍ക്കുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുമോന്ന് സംശയം ഉണ്ടായിരുന്നു. ആദ്യം ആ സീനൊന്ന് കട്ട് ചെയ്തിട്ട് കാണിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രശ്നമില്ലെന്ന് മനസിലായി. അങ്ങനെയാണ് സമ്മര്‍ ഇന്‍ ബെത്ലഹേമിലെ വലിയൊരു രംഗം ക്ലൈമാകില്‍ നിന്ന് മാറ്റിയത് എന്നാണ് സിബി മലയില്‍ പറയുന്നത്.

Read more