ഭരതത്തിലെ ആ സീനിലെ മോഹൻലാലിന്റെ പ്രകടനം കണ്ട് ഞാൻ കട്ട് പറയാൻ മറന്നുപോയി: സിബി മലയിൽ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി
മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ദേവദൂതൻ റീമാസ്റ്റേഡ് വെർഷൻ പുറത്തിറങ്ങിയത് മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിബി മലയിലിന്റെയും മോഹൻലാലിന്റെയും കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു 1991-ൽ പുറത്തിറങ്ങിയ ‘ഭരതം’. ലോഹിതദാസ് ആയിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഭരതത്തിലെ ഒരു സീനിലെ മോഹൻലാലിന്റെ പ്രകടനം കണ്ട് താൻ കട്ട് പറയാൻ മറന്നുവെന്നാണ് സിബി മലയിൽ പറയുന്നത്.

“ആക്ടേഴ്‌സ് പെര്‍ഫോം ചെയ്യുന്നത് കണ്ട് ഇടക്കൊക്കെ നമ്മള്‍ കട്ട് പറയാന്‍ പോലും കഴിയാതെ പോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് മോഹന്‍ലാലിന്റെ ഭരതത്തിലേതാണ്. ജ്യേഷ്ഠന്‍ മരിച്ചത് അറിഞ്ഞിട്ട് അയാളുടെ സാധനങ്ങള്‍ ഐഡന്റിഫൈ ചെയ്യാന്‍ പോകുന്ന സീനായിരുന്നു അത്.

കൂടെ മുരളിയുടെയും ഉര്‍വശിയുടെയും കഥാപാത്രങ്ങളും ഉണ്ടായിരുന്നു. അയാളുടെ ജ്യേഷ്ഠന്റെ ശരീരം അടക്കിയിരുന്നു, അതുകൊണ്ട് തന്നെ പിന്നെ ചെയ്യാനുള്ളത് സാധനങ്ങള്‍ അയാളുടെ ജ്യേഷ്ഠന്റേത് തന്നെയാണോ എന്ന് തിരിച്ചറിയുക എന്നതാണ്. ആ സാധനങ്ങള്‍ കൊണ്ടുവരാന്‍ പറയും. ആ മൊമന്റില്‍ ഞാന്‍ ഒരു ക്ലോസപ്പായിരുന്നു വെച്ചത്. അന്ന് ലാലിനോട് ഞാന്‍ പറഞ്ഞത് ‘പൊലീസുകാരന്‍ ഈ സാധനങ്ങള്‍ എടുക്കാന്‍ പോയിട്ട് തിരിച്ച് വരുന്നത് വരെ ഒരു മൊമന്റുണ്ട്. അത് ഞാന്‍ ക്ലോസില്‍ എടുക്കാന്‍ പോകുകയാണ്’ എന്നായിരുന്നു.

അപ്പോള്‍ നിങ്ങളുടെ മനസില്‍ ഉള്ളത്, ഇത് എന്റെ ജ്യേഷ്ഠന്റേത് ആകരുതേ എന്നതാണ്. ആ പ്രാര്‍ത്ഥനയിലാണ് നിങ്ങള്‍ അവിടെ ഇരിക്കുന്നത്. അതേസമയം അത് ജ്യേഷ്ഠന്റേത് ആകുമോയെന്ന ഭയവും നിങ്ങള്‍ക്ക് ഉണ്ടാകും’ എന്നും പറഞ്ഞു. ഒരു ആക്ടറിനെ സംബന്ധിച്ച് ഏറ്റവും ചാലഞ്ചിങ്ങായ ഒന്നാണ് ക്ലോസപ്പ് ഷോട്ട്. അതില്‍ എതിരെ റിയാക്ട് ചെയ്യാന്‍ ആരും ഉണ്ടാകില്ല. ഒരു ക്യാമറയുടെ മുന്നില്‍ അയാള്‍ മാത്രമാണ് ഉണ്ടാവുക.

അന്ന് മോഹന്‍ലാലിന്റെ സൈഡില്‍ ഉര്‍വശിയും ഉണ്ടായിരുന്നു. അയാള്‍ ആ സമയത്ത് ശരിക്കും നിരായുധന്‍ ആയിരുന്നു. നടക്കാന്‍ പറ്റില്ല, മൂവ്‌മെന്റുമില്ല. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറയുടെ പുറകില്‍ ഇരുന്ന ഞാന്‍ ഒരു നിമിഷം എല്ലാം മറന്നു പോയി. ഇയാള്‍ അഭിനയിച്ചു കഴിഞ്ഞോ, ഞാന്‍ ഇനി കട്ട് പറയണോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. കണ്ണ് നിറഞ്ഞിട്ട് ഞാന്‍ മറന്നു പോയ ഒരു മൊമന്റായിരുന്നു അത്.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.

റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ.

കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.

Read more